ശശികലയെ ടീച്ചറായി കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് ബഹിഷ്‌കരണം; വല്ലപ്പുഴ സ്‌കൂളിന് അവധി

ശശികലയെ ടീച്ചറായി കാണാന്‍ കഴിയില്ലെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളുടെ ക്ലാസ് ബഹിഷ്‌കരണം; വല്ലപ്പുഴ സ്‌കൂളിന് അവധി

പാലക്കാട്:നിരന്തരം വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെപി ശശികലക്കെതിരെ വല്ലപ്പുഴ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ശശികലയെ വല്ലപ്പുഴ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ബഹിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചു. ശശികലയെ അധ്യാപികയായി കാണാന്‍ കഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വല്ലപ്പുഴ സ്‌കൂളിനെ പാക്കിസ്താനെന്ന് വിളിച്ച നടപടിയില്‍ ശശികലയെ സ്‌കൂളില്‍ ബഹിഷ്‌ക്കരിക്കാനാണ് വിദ്യാര്‍ത്ഥികളുടെ നീക്കം. ഇന്ന് നൂറില്‍ താഴെ വിദ്യാര്‍ത്ഥികള്‍ മാത്രമാണ് സ്‌കൂളില്‍ എത്തിയത്. വിദ്യാര്‍ത്ഥികളുടെ കുറവ് മൂലം അധ്യാപകര്‍ സ്‌കൂളിന് അവധി നല്‍കി. തുടര്‍ന്ന് അധ്യാപകര്‍ സര്‍വ്വകക്ഷിയോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ശശികലക്കെതിരായി സ്‌കൂളില്‍ പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവരെ സ്‌കൂളില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വല്ലപ്പുഴ ജനകീയ പ്രതികരണവേദി കഴിഞ്ഞ ആഴ്ച്ച മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സമയത്ത് ഇത്തരത്തിലുള്ള വര്‍ഗ്ഗീയ പ്രസംഗങ്ങള്‍ നടത്തുന്നവരുടെ അധ്യാപനങ്ങള്‍ അംഗീകരിക്കാനാകില്ല. വല്ലപ്പുഴയിലെ ആര്‍എസ് എസ്സുകാര്‍ക്ക് പ്രചോദനം നല്‍കുന്നത് ഇവരാണെന്നും പ്രതികരണവേദി പറഞ്ഞിരുന്നു.

സമാധാന അന്തരീക്ഷം തര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചതിന്റെ പേരില്‍ കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ശശികലയ്‌ക്കെതിരെ കേസെടുത്തിടുത്തത്. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്.

NO COMMENTS

LEAVE A REPLY