തലമുറകള്‍ക്ക് ദിശ കാണിക്കേണ്ടത് അധ്യാപകരും രക്ഷിതാക്കളും: ശൈഖ് സുല്‍ത്താന്‍

ഐ.ജി.സി.എഫ് സമാപിച്ചു
ഷാര്‍ജ: സാങ്കേതിക വിദ്യ പിടിമുറുക്കിയ ആശയവിനിമയ കാലത്ത് ഭാവിതലമുറക്ക് ദിശാബോധം നല്‍കേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. സാങ്കേതികത ലോകത്തിനു നേരെ വാതിലുകള്‍ കൊട്ടിയടക്കാനാവില്ലെന്നും പകരം അതിനെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിരോധം തീര്‍ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന് ഗുണകരമായരീതിയില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് ആക്കംകൂട്ടലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ഷാര്‍ജയില്‍ ഇന്റര്‍നാഷണല്‍ ഗവണ്മെന്റ് കമ്യുണിക്കേഷന്‍ ഫോറം (ഐ.ജി.സി.എഫ്) ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ശൈഖ് ഡോ. സുല്‍ത്താന്‍. രണ്ടു ദിവസമായി ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്ന ഫോറം ഇന്നലെ സമാപിച്ചു.
11 സെഷനുകളായി നടന്ന പാനല്‍ ചര്‍ച്ചകളില്‍ 16 രാജ്യങ്ങളില്‍നിന്നുള്ള 40 കമ്യുണിക്കേഷന്‍ വിദഗ്ദ്ധര്‍ പങ്കെടുത്തു. വിവിധരാജ്യങ്ങളെ പ്രതിനിധീകരിച്ച് 3000 പേര്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നായി ചര്‍ച്ചകളില്‍ സംബന്ധിച്ചിരുന്നു. വേള്‍ഡ് വൈഡ് വെബ്ബിന്റെ സ്ഥാപകന്‍ സര്‍ തിമോത്തി ജോണ്‍ ബെര്‍ണേഴ്‌സ് ലീ, ഐ.ജി.സി.എഫ് 2018ന്റെ വിശിഷ്ടാതിഥിയായ മൗറീഷ്യസ് പ്രസിഡന്റ് അമീന ഗുരിബ് ഫകിം, ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ആര്‍ട്ടിഫിഷ്യ ഇന്റലിജന്‍സ് വിദഗ്ദ്ധന്‍ തന്മയ് ബക്ഷി തുടങ്ങിയവരായിരുന്നു ആദ്യ ദിവസത്തെ സെഷനുകളില്‍ സംസാരിച്ചത്.
ഡിജിറ്റല്‍ യുഗത്തില്‍ ആശയവിനിമയത്തിലെ സുതാര്യത, പൊതു സ്വകാര്യമേഖലകള്‍ക്കും പൗരന്മാര്‍ക്കുമുള്ള ഉത്തരവാദിത്തം, സുരക്ഷ തുടങ്ങിയവയാണ് ആദ്യ ദിനത്തില്‍ ചര്‍ച്ചചെയ്തത്. ഡിജിറ്റല്‍ യുഗം എങ്ങോട്ട് എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ഫോറം സംഘടിപ്പിച്ചിരിക്കുന്നത് ഇന്റര്‍നാഷണല്‍ ഗവണ്മെന്റ് കമ്യുണിക്കേഷന്‍ സെന്ററാണ്.

SHARE