‘വാപ്പച്ചി തന്നതാണ്, കിട്ടിയാല്‍ തിരിച്ചു തരണം’; സഹായം അഭ്യര്‍ത്ഥിച്ച് യുവനടന്‍ ഷെയ്ന്‍ നിഗം

ഷൂട്ടിങ്ങിനിടയില്‍ നഷ്ടപ്പെട്ട വാച്ച് കിട്ടിയാല്‍ തിരിച്ചുതരണം എന്ന് ആരാധകരോട് ആവശ്യപ്പെട്ട് മലയാളത്തിലെ യുവനടന്‍ ഷെയ്ന്‍ നിഗം. വാപ്പച്ചി അബി ഗള്‍ഫ് യാത്രക്കു ശേഷം സമ്മാനമായി നല്‍കിയ വാച്ചാണ് താരത്തിന്റെ കൈയില്‍ നിന്നു നഷ്ടമായത്. ഇത് കയ്യില്‍കിട്ടിയാല്‍ തിരിച്ചുതരണമെന്നാണ് ഷൈനിന്റെ ആവശ്യം.

ഗള്‍ഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് അബി casio edifice എന്ന കമ്പനിയുടെ ബ്രൗണ്‍ സ്ട്രാപ്പുള്ള വാച്ച് മകന്‍ ഷെയ്ന്‍ നിഗത്തിന് സമ്മാനമായി നല്‍കിയത്. മാര്‍ച്ചില്‍ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ച് നടന്ന വനിതയുടെ കവര്‍ ഷൂട്ടിനിടെ, എവിടെവച്ചോ വാച്ച് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാകാം എന്നാണ് ഷെയ്‌നിന്റെ വിശ്വാസം. അബിയുടെ മരണശേഷം അമൂല്യ നിധി പോലെ കരുതുന്ന വാച്ച് നഷ്ടപ്പെട്ടത് ഷെയ്‌ന് വലിയ ദുഃഖമായി. ഇതേത്തുടര്‍ന്നാണ് വായനക്കാരുടെ സഹായം തേടി താരം രംഗത്തെത്തിയത്. കയ്യില്‍ കിട്ടിയാല്‍ തിരിച്ചു തരണമെന്നാണ് ഷെയ്ന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വളരെ കുറച്ചുസമയം കൊണ്ട് തന്നെ മികച്ചനടനായി മലയാളത്തില്‍ വളര്‍ന്നുവന്ന യുവനടനാണ് ഷെയ്ന്‍ നിഗം. മിമിക്രി താരം അബിയുടെ മകനാണ് ഷെയ്ന്‍ നിഗം.

SHARE