സര്‍ക്കാരിന് കുരുക്ക് മുറുകുന്നു; ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍. സെക്രട്ടേറിയറ്റിന് സമീപത്തെ ശിവശങ്കറിന്റെ ഫ്ളാറ്റില്‍ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന ഈ ഫ്ളാറ്റ് കേന്ദ്രീകരിച്ചാണ് നടന്നത്. പ്രധാന പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പി.ആര്‍ സരിത്തും ഈ ഫ്ളാറ്റില്‍ സ്ഥിരം സന്ദര്‍ശകരായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി തന്നെ കള്ളക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഒത്താശ ചെയ്തുവെന്ന ഗുരുതര കുറ്റമാണ് കണ്ടെത്തിയിരിക്കുന്നത്. ശിവശങ്കറിനെ സ്ഥാനങ്ങളില്‍നിന്ന് താത്ക്കാലികമായി മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ നടപടികളുണ്ടാകാന്‍ സാധ്യതയുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത ശിവശങ്കറിന് രാജ്യാന്തര കള്ളക്കടത്തുമായി അടുത്ത ബന്ധമുള്ളത് സര്‍ക്കാരിനെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഓരോ ദിവസവും മുഖ്യമന്ത്രിയുടെ ഓഫീസിന് കുരുക്ക് മുറുകുകയാണ്. ശിവശങ്കര്‍ ഇല്ലാത്തപ്പോഴും ഈ ഫ്ളാറ്റില്‍ വരാന്‍ മാത്രം സ്വാതന്ത്ര്യം കള്ളക്കടത്തുകാര്‍ക്കുണ്ടായിരുന്നു എന്നാണ് കണ്ടെത്തിയത്. പൊലീസ്, ക്രൈംബ്രാഞ്ച് കേസുകള്‍ തീര്‍ക്കാനും ഫയലുകള്‍ നീക്കാനും ശിവശങ്കര്‍ ഇടപെട്ടതിന്് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നേരത്തെ തട്ടിപ്പു കേസുകളില്‍ സ്വപ്നയെ സഹായിച്ചിരുന്നത് ശിവശങ്കര്‍ തന്നെയെന്നാണ് നിഗമനം. എന്‍.ഐ.എ കസ്റ്റഡിയിലുള്ള സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

SHARE