തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെ കൊറോണ ജിഹാദെന്ന് വിളിച്ച് ആക്ഷേപിച്ച് ബി.ജെ.പി എം.പി

വൈറസിന് മതപരിവേഷം നല്‍കാനുള്ള തീവ്രഹിന്ദുത്വ വാദികളുടെ ശ്രമത്തിനെതിരെ യു.എസ് അടക്കമുള്ള രാഷ്ട്രങ്ങള്‍ രംഗത്തു വന്നിരുന്നു

ചിക്മഗളൂര്‍: ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തെ കൊറോണ ജിഹാദെന്ന് വിളിച്ച് ആക്ഷേപിച്ച് ബി.ജെ.പി എം.പി ശോഭ കരന്ദ്‌ലജെ. രാജ്യത്തുടനീളം വൈറസ് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സമ്മേളനം നടത്തിയത് എന്ന് അവര്‍ ആരോപിച്ചു. നേരത്തെയും ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് പേരുകേട്ടയാളാണ് ഉഡുപ്പി എം.പിയായ ശോഭ.
‘രാജ്യത്തുടനീളം കൊറോണ പടര്‍ത്താനുള്ള ശ്രമമെന്ന നിലയിലാണ് ഡല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനം നടന്നത്. അതില്‍ പങ്കെടുത്ത മിക്കവരെയും കണ്ടെത്താനായിട്ടില്ല. യോഗത്തിന് പിന്നില്‍ കൊറോണ ജിഹാദി പദ്ധതിയുണ്ടോ എന്നാണ് സംശയിക്കേണ്ടത്’ – അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ, തബ്‌ലീഗ് ജമാഅത്ത് ചെയ്തത് താലിബാന്‍ കുറ്റമാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയും കുറ്റപ്പെടുത്തിയിരുന്നു.
അതിനിടെ, വൈറസിന് മതപരിവേഷം നല്‍കാനുള്ള തീവ്രഹിന്ദുത്വ വാദികളുടെ ശ്രമത്തിനെതിരെ യു.എസ് രംഗത്തു വന്നിരുന്നു.
‘സര്‍ക്കാറുകള്‍ ഇതു ചെയ്യരുത്. കോവിഡ് വൈറസിന്റെ സ്രോതസ്സ് ഇതല്ല എന്ന് ഗവണ്‍മെന്റുകള്‍ കൃത്യമായി പറയണം. ഇത് മത ന്യൂനപക്ഷ സമുദായങ്ങളുമായി ബന്ധപ്പെട്ടല്ല’ – എന്നാണ് ഇതേക്കുറിച്ച് യു.എസ് റിലീജ്യസ് ഫ്രീഡം ഓഫീസ് അംബാസഡര്‍ സാമുവല്‍ ഡി ബ്രൗണ്‍ബാക്ക് പ്രതികരിച്ചത്.