കെ.എം ബഷീറിനെ കാറിടിച്ചുകൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ നീട്ടി

തിരുവനന്തപുരം: പത്രപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച് കൊന്ന കേസിലെ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ തള്ളിയാണ് സര്‍ക്കാര്‍ തീരുമാനം.

ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കരുതെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം നടക്കുന്നതിനിടെ പ്രതിയെ തിരിച്ചെടുക്കുന്നത് അന്വേഷണത്തെ വരെ സ്വാധീനിക്കാന്‍ ഇടയാവുമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ ചൂണ്ടിക്കാട്ടി!യിരുന്നു.

കേസില്‍ പൊലീസ് ഇതുവരെ കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണു ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായ സമിതി ശ്രീറാമിനെ തിരിച്ചെടുക്കാമെന്ന് മുഖ്യമന്ത്രിക്ക് ശിപാര്‍ശ നല്‍കിയിരുന്നത്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് കെ.എം. ബഷീര്‍ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. അപകടസമയത്ത് താനല്ല കാര്‍ ഓടിച്ചതെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്തായ വഫ എന്ന യുവതിയാണ് ഓടിച്ചതെന്നുമാണ് ശ്രീറാം പറയുന്നത്. എന്നാല്‍, ശ്രീറാമാണ് കാര്‍ ഓടിച്ചതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ മൊഴി നല്‍കിയിരുന്നു.