മഞ്ജുവാര്യരുടെ പരാതി; ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു

തന്നെ അപായപ്പെടുത്തിയെന്ന നടി മഞ്ജുവാര്യരുടെ പരാതിമേല്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് നാല് മണിക്കാണ് ശ്രീകുമാര്‍ മേനോനെ തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ എത്തിച്ചത്.

തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ വച്ച് നടന്ന ചോദ്യംചെയ്യലിന് പിന്നാലെയാണ് ശ്രീകുമാര്‍ മേനോനെ അറസ്റ്റ് ചെയ്‍തത്. അതേസമയം കസ്റ്റഡിയിലെടുത്ത ശ്രീകുമാര്‍ മേനോനെ രണ്ട് പേരുടെ ജാമ്യത്തില്‍ വിട്ടയച്ചു.

സ്ത്രീകളെ അപമാനിക്കുക, സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ അനുസരിച്ചാണ് ശ്രീകുമാര്‍ മേനോനെതിരെ പൊലീസ് കേസെടുത്തിരുന്നത്. തന്റെ ഒപ്പിട്ട ലെറ്റര്‍ ഹെഡ് ശ്രീകുമാര്‍ മേനോന്റെ കൈവശമുണ്ടെന്നും ഇതു ദുരുപയോഗം ചെയ്യുമെന്നും മഞ്ജു വാരിയരുടെ പരാതിയില്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ചും പൊലീസ് ചോദ്യം ചെയ്തതായാണ് വിവിരം.

സംവിധായകന്‍ അപകടത്തില്‍പെടുത്തുമെന്നു ഭയപ്പെടുന്നതായി മഞ്ജു വാരിയര്‍ സംസ്ഥാന പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. മഞ്ജു വാരിയരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശ്രീകുമാര്‍ മേനോന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു.

കേസിൽ മഞ്ജുവാര്യരുടെ രഹസ്യമൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഒടിയൻ സിനിമയുടെ പ്രൊഡക്ഷൻ മാനേജർ സജി, നിർമാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ലെറ്റര്‍ ഹെഡ് കണ്ടെത്താന്‍ കൂടിയായിരുന്നു പൊലീസ് അന്വേഷണം.