ഷുഹൈബ് കേസ് സി.ബി.ഐക്ക് വിടുന്നത് തടയാന്‍ ഖജനാവില്‍ നിന്നു ചെലവാക്കിയ തുക കേട്ടാല്‍ ഞെട്ടും

തിരുവനന്തപുരം: കണ്ണൂര്‍ എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സി.ബി.ഐക്കു വിടുന്നതു തടയാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 34.20 ലക്ഷം രൂപ. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളായ കേസാണിത്.

കേരളത്തിനു പുറത്തുനിന്നുള്ള മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവന്നതിനുള്ള ഫീസായാണ് ഇത്രയും തുക നല്‍കേണ്ടത്. ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ ഒരു അഭിഭാഷകന് ഏറ്റവുംഉയര്‍ന്ന തുക പ്രതിഫലമായി നല്‍കേണ്ടിവന്നതും ഈ കേസിലാണ്.

നിയമസഭയില്‍ അഡ്വ. സണ്ണി ജോസഫാണ് വിവരങ്ങള്‍ തേടിയത്. എന്നാല്‍, കേസ് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുവരാത്ത വിധത്തിലായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഈ സര്‍ക്കാര്‍ വന്നശേഷം ഏറ്റവുംകൂടുതല്‍ പ്രതിഫലം നല്‍കി ഏതു കേസ് വാദിക്കാനാണ് പുറത്തുനിന്നുള്ള പ്രമുഖ അഭിഭാഷകരെ ചുമതലപ്പെടുത്തിയതെന്നായിരുന്നു സണ്ണി ജോസഫിന്റെ ചോദ്യം. ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് അപ്പീല്‍ നമ്പര്‍ 628/18 എന്നായിരുന്നു ഈ ചോദ്യത്തിന് മന്ത്രി എ.കെ. ബാലന്‍ മറുപടിനല്‍കിയത്.

ഷുഹൈബിന്റെ പിതാവാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് അനുകൂല വിധി പറഞ്ഞു. അതിനെതിരേ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവന്നത്. കേസ് നമ്പര്‍ മാത്രമായി മറുപടിയില്‍ ഉള്‍പ്പെടുത്തിയത് വിവരങ്ങള്‍ പെട്ടെന്നു പുറത്തുപോകാതിരിക്കാനുള്ള കൗശലമാണെന്നു സണ്ണി ജോസഫ് പ്രതികരിച്ചു.

വിജയ് ഹന്‍സാരിയ, അമരേന്ദ്ര ശരണ്‍ എന്നിവരാണ് ഈ കേസില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത്. വിജയ് ഹന്‍സാരിയയ്ക്ക് 12,20,000 രൂപ നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദ്രശരണിന് 22 ലക്ഷം രൂപ നല്‍കണമെന്നും അത് കൈമാറിയിട്ടില്ലെന്നും മന്ത്രി മറുപടി നല്‍കി. ഒരു കൊലപാതക കേസില്‍ പ്രതികളായ സി.പി.എം. പ്രവര്‍ത്തകരെ സംരക്ഷിക്കാനാണ് ഇത്രയും തുക സര്‍ക്കാര്‍ ചെലവഴിച്ചത്.

സര്‍ക്കാര്‍ കേസുകള്‍ക്കായി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഹാജരാകുന്നത് സര്‍ക്കാരിന്റെ പാനലിലുള്ള അഭിഭാഷകരാണ്. അതിനുപകരം പുറത്തുനിന്നുള്ള അഭിഭാഷകരെ കൊണ്ടുവരാന്‍ അഡ്വക്കേറ്റ് ജനറലിന്റെ ശുപാര്‍ശയോടെ സര്‍ക്കാരാണു തീരുമാനമെടുക്കുന്നത്.

SHARE