ഷുഹൈബ് വധം; വിചാരണക്ക് ഹൈക്കോടതി സ്‌റ്റേ

കണ്ണൂര്‍: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബ് കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിബിഐ അന്വേഷണം വേണമെന്ന അപ്പീല്‍ സുപ്രിംകോടതി പരിഗണിക്കുന്നതിനാല്‍ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന് ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്ന മാതാപിതാക്കളുടെ ഹര്‍ജിയാണ് സുപ്രിംകോടതിയിലുള്ളത്. നിലപാട് അറിയിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

സര്‍ക്കാരിന്റെ മറുപടിക്ക് ശേഷം മാതാപിതാക്കളുടെ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാമെന്നാണ് കോടതി നിലപാട്. കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ 2018 ഫെബ്രുവരിയിലാണ് കൊലപ്പെടുത്തിയത്. കേസില്‍ സമഗ്ര അന്വേഷണമുണ്ടായില്ലെന്നും ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ എന്നിവരുമായുള്ള അടുത്ത ബന്ധം കേരള പൊലീസ് അന്വേഷിച്ചില്ലെന്നും ആരോപിച്ചാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ സുപ്രിംകോടതിയെ സമീപിച്ചത്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്നും ആറ് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നും മാതാപിതാക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.