ശുഹൈബ് വധം: സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്രതികള്‍ പൊലീസ് പിടിയിലുണ്ട്. ഭീകരവാദ പ്രവര്‍ത്തനമായി ശുഹൈബ് വധത്തെ ഉള്‍പ്പെടുത്താനാവില്ലെന്നും യു.എ.പി.എ നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

ശുഹൈബ് വധക്കേസ് സി.ബി.ഐയെ ഏല്‍പിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന അപ്പീലിലുള്ള വാദത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്താക്കിയത്. കേസിലുള്ള അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നു കാണിച്ചാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. മാതാപിതാക്കളായ സി.പി.മുഹമ്മദ്, എസ്.പി.റസിയ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജസ്റ്റിസ് ബി.കെമാല്‍പാഷ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

2018 ഫെബ്രുവരി 12നാണ് രാത്രി കണ്ണൂര്‍ തെരൂരില്‍ തട്ടുകടയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ ശുഹൈബിനെ പി. ജയരാജന്റെ വിശ്വസ്തനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ ആകാശ് തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കിയ ശേഷമായിരുന്നു ആക്രമണം. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ് രക്തം വാര്‍ന്ന് ശുഹൈബ് മരിച്ചു.

SHARE