ശുഹൈബ് വധം: പ്രതികള്‍ക്കായി കേസ് വാദിക്കാന്‍ പൊതുഖജനാവില്‍ നിന്ന് നല്‍കിയത് അരക്കോടി; പണം നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട്

തിരുവനന്തപുരം: സി.പി.എം പ്രവര്‍ത്തകന്‍മാര്‍ പ്രതികളായ ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതിനു സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 56.4 ലക്ഷം രൂപ. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എസ്.പി ശുഹൈബിനെ (30) കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സി.ബി.ഐക്കു വിട്ടിരുന്നു. സര്‍ക്കാരിന്റെ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ഇതു സ്‌റ്റേ ചെയ്തു. അതിനെതിരെ ശുഹൈബിന്റെ പിതാവ് നല്‍കിയ ഹര്‍ജിയില്‍, സി.ബി.ഐ അന്വേഷണം വേണ്ടെന്നു വാദിക്കാനാണു സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍ നിന്നു പണമെടുത്തു സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നത്.

സുപ്രീം കോടതി അഭിഭാഷകനായ അമരേന്ദ്ര ശരണിനു മേയില്‍ 22 ലക്ഷം രൂപ അനുവദിച്ചു. തുക കൈമാറിയിട്ടില്ല. വിജയ് ഹന്‍സാരിയയുടെ 22.20 ലക്ഷം രൂപയുടെ ബില്‍ സര്‍ക്കാര്‍ ഉത്തരവിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് എ.ജിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. സുപ്രീം കോടതി അഭിഭാഷകര്‍ ഏതെല്ലാം തീയതികളിലാണു ഹൈക്കോടതിയില്‍ ഹാജരായതെന്നും ഇനിയും എത്ര ബില്ലുകള്‍ സമര്‍പ്പിക്കാനുണ്ടെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. അതു കൂടിയാകുമ്പോള്‍ ഇനിയും ലക്ഷങ്ങള്‍ വന്നേക്കാം. മറ്റൊരു സുപ്രീം കോടതി അഭിഭാഷകന് 8.80 ലക്ഷം രൂപ ഈ കേസില്‍ നല്‍കിയെന്ന വിവരാവകാശ രേഖ മുന്‍പു പുറത്തു വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവിട്ട വിവരാവകാശ രേഖയില്‍ ഈ അഭിഭാഷകന്റെ പേരോ തുകയോ ഇല്ല.

സി.ബി.ഐ അന്വേഷണം വേണ്ടെന്നു വാദിക്കാന്‍ എത്തിയ സുപ്രീം കോടതി അഭിഭാഷകനു തിരക്കിട്ടു പണം നല്‍കിയത് നിയമമന്ത്രിയുടെയും നിയമ സെക്രട്ടറിയുടെയും അനുമതിയില്ലാതെയാണെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെപാനലില്‍ ഉള്‍പ്പെടാത്ത വിജയ് ഹന്‍സാരിയക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക ഉത്തരവിലൂടെയാണു പണം നല്‍കിയത്. അതിനു ശേഷമാണു നിയമമന്ത്രിയും വകുപ്പു സെക്രട്ടറിയും ഉത്തരവു സാധൂകരിച്ച് ഒപ്പിട്ടത്.

SHARE