ശുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല, കാലു വെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്ന് പ്രതികള്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധത്തില്‍ പിടിയിലായ പ്രതികളുടെ മൊഴി പുറത്ത്. ശുഹൈബിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ പ്രതികള്‍ പറയുന്നു. കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യം. പ്രാദേശികമായുണ്ടായ സംഘര്‍ഷങ്ങളാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചതെന്നും പ്രതികള്‍ പറഞ്ഞു.

ഡി.വൈ.എഫ്.ഐ നേതാക്കളായ രണ്ടുപേരും ഒരു ഓട്ടോ ഡ്രൈവറുമാണ് ഇനി പിടിയിലാകാനുള്ളത്. കേസില്‍ അറസ്റ്റിലായ 2 പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ ആകാശ് തില്ലങ്കേരിയെയും, റിജിന്‍ രാജിനെയും മട്ടന്നൂര്‍ കോടതിയില്‍ ആണ് ഹാജരാക്കുക. ഇന്നലെ പകല്‍ മുഴുവന്‍ ജില്ലാ ആസ്ഥാനത്ത് ചോദ്യം ചെയ്ത ഇരുവരേയും രാത്രിയോടെ മട്ടന്നൂര്‍ സ്‌റ്റേഷനിലേക്ക് മാറ്റിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. നിലവില്‍ കേസുമായി ബന്ധപ്പെട്ട് എട്ടുപേരായിരുന്നു കസ്റ്റഡിയിലുണ്ടായിരുന്നത്. എന്നാല്‍ അഞ്ചുപേര്‍ കൊലയാളി സംഘത്തിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.