ഷുഹൈബ് വധത്തില്‍ പ്രക്ഷുബ്ധമായി സഭ

 

തിരുവനന്തപുരം: ഷുഹൈബ് വധക്കേസിനെച്ചൊല്ലി നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ഷുഹൈബ് വധം, സഫീര്‍ വധം തുടങ്ങിയവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണു പ്രതിപക്ഷം ശക്തമായ പ്രതിഷേധം അഴിച്ചുവിട്ടത്. ഈ വിഷയങ്ങള്‍ സഭ ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടപ്പോള്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അംഗീകരിക്കാത്തതാണ് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്.

സംസ്ഥാനത്തെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌ക്കരിച്ചു.
പ്രതിപക്ഷം ഉന്നയിച്ച വിഷയം അടിയന്തരപ്രമേയ നോട്ടിസായി പരിഗണിക്കാന്‍ കഴിയൂ എന്നാണ് സ്പീക്കര്‍ പറയുന്നത്. പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന വിഷയങ്ങളെ മാനിക്കുന്നു. ഈ വിഷയങ്ങള്‍ ശൂന്യവേളയില്‍ ഉന്നയിക്കാന്‍ അവസരമുണ്ടാകും. ചോദ്യോത്തര വേളയുമായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു.

ഇന്നലെയും സഭ നേരത്തെ പിരിഞ്ഞിരുന്നു. അതേസമയം, നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചതു നിയമപരമായി നേരിടാനാണ് യുഡിഎഫ് തീരുമാനം. കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്നു പരിഗണിക്കാനിരിക്കെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാര്‍ നടപടിക്കെതിരെ തടസ ഹര്‍ജി നല്‍കി.

SHARE