വീണ്ടും കര്‍ണാടകയുടെ മുഖ്യമന്ത്രിയാകും: സിദ്ധരാമയ്യ

ബെംഗളൂരു: ജനങ്ങളുടെ അനുഗ്രഹാശിസുകളോടെ വീണ്ടും താന്‍ കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യ. ഹാസനില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്.

‘കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഞാന്‍ പരാജയപ്പെട്ടിരിക്കാം. എന്നാല്‍ ജനങ്ങളുടെ അനുഗ്രഹാശിസുകളോടെ ഞാന്‍ വീണ്ടും മുഖ്യമന്ത്രിയാകും. തുടര്‍ച്ചയായ രണ്ടാം തവണയും ഞാന്‍ മുഖ്യമന്ത്രിയാകുന്നത് തടയാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ത്തു. ജനങ്ങളുടെ ആശിര്‍വാദത്തോടെ വീണ്ടും മുഖ്യമന്ത്രിയാകാമെന്ന് കരുതി. പക്ഷേ പരാജയപ്പെട്ടു. എന്നാല്‍ ഇത് അവസാനമല്ല. രാഷ്ട്രീയത്തില്‍ ജയവും പരാജയവും സാധാരണമാണ്’-സിദ്ധരാമയ്യ പറഞ്ഞു.

വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു നേരത്തെ സിദ്ധരാമയ്യ പറഞ്ഞത്. ഈ നിലപാടാണ് ഇപ്പോള്‍ അദ്ദേഹം തിരുത്തുന്നത്. നിലവില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യകക്ഷി കോര്‍ഡിനേഷന്‍ കമ്മിറ്റി അധ്യക്ഷനുമാണ് സിദ്ധരാമയ്യ.

SHARE