പഞ്ചാബികള്‍ പഞ്ചാബില്‍ പോയി പഠിച്ചാല്‍ മതിയെന്ന് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്; സിഖ് വിദ്യാര്‍ഥി ജസ്പ്രീത് ആത്മഹത്യ ചെയ്ത സംഭവം വിവാദത്തില്‍

കോഴിക്കോട്: മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി ജസ്പ്രീത് സിംഗിന്റെ കുടുംബം രംഗത്ത്. അവസാന വര്‍ഷ സെമസ്റ്റര്‍ പരീക്ഷ എഴുതുവാന്‍ കഴിയാതെ വന്നതോടെയാണ് സിഖ് വിദ്യാര്‍ഥിയായ ജസ്പ്രീത് ആത്മഹത്യ ചെയ്തത്. വിദ്യാര്‍ഥിയുടെ മരണം കഴിഞ്ഞ ദിവസം തന്നെ വിവാദമായിരുന്നു. കോളേജിലെ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥിയായിരുന്നു ജസ്പ്രീത്.

തന്റെ മകന്‍ ആത്മഹത്യ ചെയ്യുവാന്‍ കാരണം ക്രിസ്ത്യന്‍ കോളജിന്റെ മനുഷ്യത്വമില്ലാത്ത നടപടിയാണെന്ന് പിതാവ് മന്‍മോഹന്‍ സിംഗ് പറഞ്ഞതായി ന്യൂസ് 18 ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 68 ശതമാനം ഹാജരുള്ള തന്റെ മകനെ പരീക്ഷ എഴുതുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പല പ്രാവശ്യം കോളജിനെ സമീപിച്ചെങ്കിലും അംഗീകരിക്കുവാന്‍ അവര്‍ തയാറായില്ല. ഒടുവില്‍ യൂണിവേഴ്‌സിറ്റിയെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു.

തന്റെ പിതാവ് കരഞ്ഞ് കാലുപിടിച്ചിട്ടും മാനേജ്‌മെന്റ് ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് സഹോദരിമാരും ആരോപിച്ചു. വല്ല്യമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ജസ്പ്രീത് കുടുംബസമേതം പഞ്ചാബില്‍ പോയിരുന്നു. മടങ്ങി വരുമ്പോള്‍ പൗരത്വ സമരത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനുകള്‍ റദ്ദാക്കിയതിനാല്‍ യാത്ര നടത്തുവാന്‍ കഴിഞ്ഞില്ല. ഇത് മൂലം അവസാന സമയം ഒരാഴ്ച്ചത്തെ ഹാജര്‍ നഷ്ടമായി. ഈ കാര്യം കോളേജ് അധികാരികളെ അറിയിച്ചെങ്കിലും അവര്‍ അംഗീകരിക്കുവാന്‍ തയ്യാറായില്ല.

പഠിക്കാന്‍ മിടുക്കനായിരുന്ന തന്റെ സഹോദരന്‍ ഒരു വര്‍ഷം നഷ്ടമാകുന്നതില്‍ വലിയ ദുഖിതനായിരുന്നു. ഇത് മൂലമാണ് ആത്മഹത്യ ചെയ്തത്.സഹോദരന്‍ മരിച്ച ശേഷം കോളജില്‍ നിന്നും ആരും ഞങ്ങളുടെ വീട്ടിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. പലപ്രാവശ്യം ക്ലാസ് ടീച്ചറെ പരീക്ഷയെഴുതുവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോള്‍ നിങ്ങള്‍ പഞ്ചാബികള്‍ പഞ്ചാബില്‍ പോയി പഠിക്കുവാനാണ് പറഞ്ഞത്. ഞങ്ങള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്. ഞങ്ങള്‍ക്ക് ഈ നാട്ടില്‍ നീതിയില്ലേയെന്നും അവര്‍ ചോദിച്ചു.

അതേസമയം, കോളേജ് മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തുവന്നിരുന്നു. എസ്എഫ്‌ഐ, കെഎസ്‌യു സംഘടനകള്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി. അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.