‘മോദിയെ കൊല്ലണമെന്ന് മുദ്രാവാക്യം വിളിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു’: ഷഹീന്‍ബാഗ് സമരത്തിനെതിരെ സ്മൃതി ഇറാനി

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തെക്കുറിച്ച് പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘ഞങ്ങള്‍ മോദിയെ കൊലപ്പെടുത്തും’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ കുട്ടികളെ പരിശീലിപ്പിക്കുകയാണ് ഷഹീന്‍ബാഗിലുള്ളവരെന്ന് സ്മൃതി ഇറാനി പറഞ്ഞു. ലക്‌നൗവില്‍ ഹിന്ദുസ്ഥാന്‍ സമാഗമത്തില്‍ സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

ഷാഹീന്‍ ബാഗില്‍ പ്രതിഷേധിക്കുന്നവരെക്കുറിച്ച് ചോദിച്ചപ്പോഴാണ് നരേന്ദ്രമോദിയെ കൊല്ലണം എന്ന് മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് സ്മൃതി ഇറാനി പറഞ്ഞത്. പ്രതിഷേധത്തെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ലെന്നും അവര്‍ പറഞ്ഞു.ഞങ്ങള്‍ 15 കോടി ആണെന്ന് പറയുന്നവരോട് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളതെന്നും മന്ത്രി ചോദിച്ചു.

പ്രതിഷേധക്കാര്‍ മക്കളെ എന്തിനാണ് പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവരുന്നതെന്നും,ശൈത്യകാലത്ത് ഒരു സ്ത്രീ തന്റെ നാലുമാസം പ്രായമുള്ള കുട്ടിയെ പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവന്നതും, ആ കുട്ടിയുടെ മരണവും ഞെട്ടലുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു.

ജനാധിപത്യത്തില്‍ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും അവര്‍ റോഡുകള്‍ തടയരുതെന്ന് തിങ്കളാഴ്ച സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.’കാഴ്ചപാടുകള്‍ പ്രകടമാക്കുന്നതിലൂടെയാണ് ജനാധിപത്യം നിലനില്‍ക്കുന്നത്. എന്നാല്‍,? അതിന് അതിരുകളും അതിര്‍വരമ്പുകളുമുണ്ട്. പ്രതിഷേധിക്കാം അതിന് ഒരു പ്രശ്‌നവുമില്ല. എന്നാല്‍ നാളെ മറ്റൊരു സമൂഹം വേറൊരു സ്ഥലത്ത് ഇതുപോലെ പ്രതിഷേധം നടത്തും. അപ്പോഴും ഗാതഗതം തടസപ്പെടും. എല്ലാവരും റോഡുകള്‍ ഇങ്ങനെ തടസപ്പെടുത്തിയാല്‍ ആളുകള്‍ എവിടെ പോകും എന്നത് മാത്രമാണ് ഞങ്ങളുടെ ആശങ്ക’എന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. എന്നാല്‍ സമരം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതില്‍ നിന്ന് സമരക്കാര്‍ പിന്നോട്ടില്ലെന്നാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

SHARE