വീണ്ടും സ്‌കൂളില്‍വെച്ച് പാമ്പുകടി; വിദ്യാര്‍ഥി ആശുപത്രിയില്‍

തൃശ്ശൂര്‍: ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റു. ചാലക്കുടി സി.എം.ഐ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ഥി ജെറാള്‍ഡിനാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാമ്പുകടിയേല്‍ക്കുന്നതിന് സമാനമായ പാടുകള്‍ കാലിലുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. വിഷാംശം ഏറ്റിട്ടുണ്ടോ എന്നറിയാന്‍ രക്ത പരിശോധന നടത്തുകയാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില അപകടാവസ്ഥയില്‍ അല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

വയനാട് ബത്തേരിയില്‍ പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഒട്ടാകെ ഉള്ള സ്‌കൂളുകളില്‍ ജാഗ്രത പാലിക്കുന്നതിന് ഇടയിലാണ് സമാനമായ മറ്റൊരു സംഭവം. സര്‍ക്കാര്‍ സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ (10)യാണ് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ് മരിച്ചത്.

SHARE