എന്നെ പാമ്പുകടിച്ചതാണെന്ന് ഷഹല പറഞ്ഞു, സ്വന്തം കാറുണ്ടായിട്ടും അധ്യാപകര്‍ അനങ്ങിയില്ല: ഗുരുതര ആരോപണവുമായി ഷഹലയുടെ കൂട്ടുകാര്‍

തിരുവനന്തപുരം: എന്നെ പാമ്പു കടിച്ചതാണെന്ന് ഷഹല പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാന്‍ അധ്യാപകര്‍ തയ്യാറായില്ലെന്ന് ഷഹലയുടെ കൂട്ടുകാരികള്‍. സ്വന്തം കാറുള്ള അധ്യാപകര്‍ പോലും തിരിഞ്ഞു നോക്കിയില്ല. രക്ഷിതാവ് എത്തുന്നത് വരെ അധ്യാപകര്‍ കാത്തിരുന്നതാണ് ഷഹലയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും കുട്ടികള്‍ പറഞ്ഞു.

‘എന്നെ പാമ്പുകടിച്ചതാണ്. എനിക്ക് തീരെ വയ്യ. എന്നെ ഹോസ്പിറ്റലില്‍ കൊണ്ടുപോകണമെന്ന് ഷഹ്‌ല പറഞ്ഞതാണ്. അവളുടെ ക്ലാസിലെ കുട്ടികളും പറഞ്ഞു പാമ്പ് കടിച്ചതാണെന്ന്. എന്നിട്ടും അവളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വൈകി. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ അവള്‍ ഇന്ന് ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നേനെ.’

‘ഷഹ്‌ലയുടെ കാലില്‍നിന്ന് രക്തം പൊടിയുന്നത് അടുത്തിരുന്ന കുട്ടിയാണ് ആദ്യം കാണുന്നത്. ഒരു വിശ്വസത്തിന്റെ പുറത്തല്ലേ മാതാപിതാക്കള്‍ ഞങ്ങളെ ഇവിടേക്ക് അയക്കുന്നത്. ഇന്ന് ഷഹ്‌ലയ്ക്ക് സംഭവിച്ചു. നാളെ ഞങ്ങള്‍ക്ക് ആര്‍ക്കും സംഭവിക്കില്ലെന്നുണ്ടോ? ‘

വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റതിനെ തുടര്‍ന്ന് മരിച്ച അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്റെ സഹപാഠി നിതാ ഫാത്തിമയുടെ വാക്കുകളാണിത്. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നിതാ ഫാത്തിമ.

”ആണി കൊണ്ടതാണ്, ബെഞ്ച് വീണതാണ് എന്നൊക്കെ പറഞ്ഞു”എന്നാല്‍ കുട്ടിയുടെ കാലില്‍ ബെഞ്ചു തട്ടിയതാണെന്നും കല്ലു കൊണ്ട് പോറിയതാണെന്നും ആണി കൊണ്ട് മുറിഞ്ഞതാണെന്നുമൊക്കെയാണ് ഷജില്‍ എന്ന അധ്യാപകന്‍ തങ്ങളോട് പറഞ്ഞതെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു. സ്‌കൂള്‍ വിടാന്‍ അഞ്ചുമിനുട്ട് ഉള്ളപ്പോള്‍, ഉപ്പ വന്നതിനു ശേഷമാണ് ഷഹ്‌ലയെ സ്‌കൂളില്‍ കൊണ്ടുപോയത്. മൂന്ന് പത്തോടെയാകണം ഷഹ്‌ലയെ പാമ്പ് കടിച്ചിട്ടുണ്ടാവുക. കസേരയില്‍ ഇരിക്കാന്‍ അവള്‍ക്ക് പറ്റുന്നുണ്ടായിരുന്നില്ല. തളര്‍ന്നു വീഴുകയായിരുന്നു. കാലില്‍നിന്ന് രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. ഒരു ടീച്ചര്‍ മുറിവ് കഴുകി കൊടുത്തു.

”ക്ലാസ് മുറികളില്‍ ചെരിപ്പിട്ട് കയറിയാല്‍ ആ നിമിഷം അഴിപ്പിക്കും, അധ്യാപകര്‍ മാത്രം ചെരുപ്പിട്ടു കയറും”

ക്ലാസ് മുറികളില്‍ ചെരിപ്പിട്ട് കയറാന്‍ അനുവദിക്കാത്തതിനെതിരെയും കുട്ടികള്‍ പൊട്ടിത്തെറിച്ചു. ഉപ്പ വന്ന് ഷഹ്‌ലയെ എടുത്തു കൊണ്ടുപോവുകയായിരുന്നു . സ്‌കൂളിലെ ഒരു ക്ലാസിലും ചെരുപ്പിട്ട് കയറാന്‍ അനുവാദമില്ല. അധ്യാപകര്‍ മാത്രം ചെരുപ്പിട്ടു കയറും. കുട്ടികള്‍ ചെരിപ്പിട്ട് അകത്തു കയറിയാല്‍ ആ നിമിഷം തന്നെ അഴിച്ചുവെപ്പിക്കും. ചിലപ്പോള്‍ തല്ലുകയും ചെയ്യും.

”ഇതിന് സ്‌കൂള്‍ എന്നൊരു പേര് മാത്രമേയുള്ളു”

ഇതിന് സ്‌കൂള്‍ എന്നൊരു പേര് മാത്രമേയുള്ളു. ശൗചാലയമോ വാഷ് ബേസിനോ ഒന്നും ശരിയല്ല. ചോറ് കഴിക്കാന്‍ കൈ കഴുകാന്‍ വെള്ളമില്ല. സംഭവത്തെ കുറിച്ച് പ്രധാനാധ്യാപകന്‍ പറഞ്ഞത് മുഴുവന്‍ നുണയാണ്. കുട്ടി പൊത്തിനുള്ളില്‍ കാലിട്ടു കളിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഷഹ്‌ലയുടെ കാലില്‍നിന്ന് രക്തം പൊടിയുന്നത് അടുത്തിരുന്ന കുട്ടിയാണ് ആദ്യം കാണുന്നത്. ഒരു വിശ്വസത്തിന്റെ പുറത്തല്ലേ മാതാപിതാക്കള്‍ ഞങ്ങളെ ഇവിടേക്ക് അയക്കുന്നത്. ഇന്ന് ഷഹ്‌ലയ്ക്ക് സംഭവിച്ചു. നാളെ ഞങ്ങള്‍ക്ക് ആര്‍ക്കും സംഭവിക്കില്ലെന്നുണ്ടോ? സ്‌കൂള്‍ ഓഡിറ്റോറിയത്തിനു സമീപം പുറ്റുണ്ടെന്നും അത് പൊട്ടിച്ചാല്‍ തന്നെ പാമ്പുകളെ കാണാമെന്നും വിദ്യാര്‍ഥിനികള്‍ പറയുന്നു.

പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്‌നയുടെയും മകളാണ് ഷഹല. സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പിതാവ് ഷഹലയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, എന്താണുപറ്റിയതെന്ന് ആസ്പത്രി അധികൃതര്‍ക്ക് കണ്ടെത്താനായില്ല.

പിന്നീട് ഷഹലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഏറെനേരം നിരീക്ഷണത്തില്‍ കിടത്തിയെങ്കിലും പാമ്പുകടി സ്ഥിരീകരിക്കാനായില്ല. ഛര്‍ദിച്ചതോടെ ഷഹലയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്തു. കൊണ്ടുപോകുംവഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.

SHARE