ചാലക്കുടിയില്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ വെച്ച് പാമ്പു കടിച്ച സംഭവം; അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛന്‍

തൃശ്ശൂര്‍: ചാലക്കുടിയില്‍ ഒമ്പത് വയസുകാരന് സ്‌കൂളില്‍ വെച്ച് പാമ്പുകടിയേറ്റ സംഭവത്തില്‍ അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ അച്ഛന്‍ ഷൈജന്‍. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതില്‍ അധ്യാപകര്‍ അനാസ്ഥ കാട്ടിയെന്ന് കുട്ടിയുടെ അച്ഛന്‍ ആരോപിച്ചു. പാമ്പ് കടിയേറ്റെന്ന് കുട്ടി പറഞ്ഞിട്ടും ഉടന്‍ തന്നെ കുട്ടിയെ അധ്യാപകര്‍ ആശുപത്രിയിലെത്തിച്ചില്ല. തന്നെ വിളിച്ചു വരുത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത്. 15 മിനിറ്റിനകം താന്‍ എത്തിയെന്നും കൂടുതല്‍ പരാതികള്‍ക്കില്ലെന്നും ഷൈജന്‍ പറഞ്ഞു.

ചാലക്കുടി സി എം ഐ കാര്‍മല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി ജെറാള്‍ഡിനാണ് സ്‌കൂള്‍ പരിസരത്ത് നിന്ന് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പാമ്പുകടിയേല്‍ക്കുന്നതിന് സമാനമായ പാടുകള്‍ കാലിലുണ്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. എന്നാല്‍, കുട്ടിക്ക് വിഷബാധയേറ്റിട്ടില്ലെന്ന് രക്ത പരിശോധനയില്‍ വ്യക്തമായി. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, തൃശ്ശൂര്‍ ഒളരി യുപി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പാമ്പിനെ പിടികൂടി. ടീച്ചര്‍മാരുടെ മുറിയില്‍ നിന്നാണ് അണലിയെ പിടികൂടിയത്. വന്യ ജീവി ഉദ്യോഗസ്റ്റര്‍ സ്‌കൂളിലെത്തി പാമ്പിനെ പിടികൂടി.

SHARE