പാമ്പുകളില്ലാത്ത രാജ്യത്ത് ആദ്യമായി യുവാവിന് പാമ്പുകടിയേറ്റു

ഡബ്ലിന്‍: പാമ്പുകളില്ലാത്ത രാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അയര്‍ലന്‍ഡില്‍ ഇതാദ്യമായി ഒരാള്‍ക്ക് വിഷപ്പാമ്പിന്റെ കടിയേറ്റു. പഫ് അഡര്‍ എന്ന ഇനത്തില്‍പ്പെട്ട പാമ്പാണ് ഡബ്ലിനില്‍ ഇരുപത്തിരണ്ടുകാരനായ യുവാവിനെ കടിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് അടിയന്തര ചികിത്സ നല്‍കി. രാജ്യത്ത് ആദ്യമായാണ് ഒരാള്‍ക്ക് ആന്റിവെനം ആവശ്യമായിവരുന്നത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം അയര്‍ലന്‍ഡില്‍ പാമ്പുകളില്ല. വീട്ടില്‍ വളര്‍ത്തുകയായിരുന്ന പാമ്പാണ് യുവാവിനെ കടിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. ആഫ്രിക്കയിലും സഊദി അറേബ്യയുടെ ചില ഭാഗങ്ങളിലും കാണപ്പെടുന്ന മാരക വിഷമുള്ള പാമ്പാണ് പഫ് അഡര്‍.

അയര്‍ലന്‍ഡില്‍ ഒരുകാലത്തും പാമ്പുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 100 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പാമ്പുകള്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചപ്പോള്‍ ഗ്വോണ്ടാന ലാന്‍ഡ് എന്ന ഒറ്റ വന്‍കരയായിരുന്നു ഉണ്ടായിരുന്നതെന്നും അയര്‍ലന്‍ഡ് കരയുടെ ഭാഗമായിരുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പിന്നെയും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് അയര്‍ലന്‍ഡ് സമുദ്രത്തിനടിയില്‍നിന്ന് പുറത്തേക്ക് വന്നത്. ഈ സമയത്ത് അയര്‍ലന്‍ഡ് മഞ്ഞുമൂടിക്കിടക്കുകയായിരുന്നു. 15000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അയര്‍ലന്‍ഡില്‍നിന്ന് മഞ്ഞ് പൂര്‍ണമായും ഇല്ലാതായത്. ഇതെല്ലാം പാമ്പുകള്‍ക്ക് അയര്‍ലന്‍ഡില്‍ താമസമുറപ്പിക്കാന്‍ തടസ്സമായെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

SHARE