മലപ്പുറത്ത് ദേശീയപാതക്ക് സ്ഥലമേറ്റെടുത്തതില്‍ അപാകതയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

മലപ്പുറം: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് സര്‍വേക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സര്‍വേയില്‍ പാകപ്പിഴകളുണ്ട്. ഭൂമി ഏറ്റെടുക്കുന്നത് മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നടപടികള്‍ പുനഃപരിശോധിക്കണമെന്നും പൊന്നാനി എം.എല്‍.എ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.

നിലവിലെ ദേശിയപാതയുടെ ഇരുഭാഗത്ത് നിന്നും ഭൂമിയേറ്റെടുക്കുന്നതിന് പകരം പൊന്നാനി മേഖലയില്‍ ഒരു വശത്തുനിന്ന് മാത്രം ഭൂമി ഏറ്റെടുക്കാനായി അടയാളപ്പെടുത്തിയത് മനഃപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനാണ്. തീരപ്രദേശമായ പാലപ്പെട്ടിയില്‍ 17 വീടുകള്‍ മാത്രം നഷ്ടപ്പെടുന്ന തരത്തിലായിരുന്നു ആദ്യ അലൈന്‍മെന്റ് നിശ്ചയിച്ചിരുന്നത്. 30 വീടുകള്‍ നഷ്ടമാകുന്ന തരത്തിലാണ് സര്‍വേ പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ സ്‌പെഷ്യല്‍ ഓഫീസറെ അറിയിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് ക്രൂരമായ മര്‍ദനം അഴിച്ചുവിട്ടത് ശക്തമായ വിമര്‍ശനത്തിന് കാരണമായിരുന്നു. സ്വന്തം വീടുകള്‍ നഷ്ടപ്പെടുന്നതിനെതിരെ സമരം ചെയ്ത പാവങ്ങളെ തീവ്രവാദികള്‍ എന്ന് വിളിച്ചാണ് സി.പി.എം പ്രതിഷേധത്തെ അപമാനിച്ചത്. സര്‍ക്കാറിന്റേയും പാര്‍ട്ടിയുടേയും നിലപാടുകള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് സ്പീക്കറുടെ ഇപ്പോഴത്തെ നിലപാട്.

SHARE