Connect with us

Sports

സന്തോഷം തൊട്ടരികെ

Published

on

 

കൊല്‍ക്കത്ത: കരുത്തരായ മിസോറമിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. പകരക്കാരനായിറങ്ങിയ അഫ്ദല്‍ വി.കെ 54-ാം മിനുട്ടില്‍ നേടിയ ഗോളില്‍ വിജയം നേടിയ കേരളം ബംഗാളിനെയാണ് ഫൈനലില്‍ നേരിടുക. കര്‍ണാടകയെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തിയായിരുന്നു വംഗനാട്ടുകാരുടെ ഫൈനല്‍ പ്രവേശം. അഞ്ചു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കേരളം സന്തോഷ് ട്രോഫി കലാശക്കളിക്കിറങ്ങുന്നത്.
കളിക്കളത്തിലെ പ്രകടന മികവില്‍ മുന്‍തൂക്കം മിസോറമിനായിരുന്നെങ്കിലും അടിസ്ഥാന പാഠങ്ങള്‍ മറക്കാതെ കളിച്ചാണ് സതീവന്‍ ബാലന്‍ പരിശീലിപ്പിക്കുന്ന കേരള സംഘം വിജയവുമായി കയറിയത്. ഗ്രൂപ്പ് എ മത്സരത്തില്‍ ബംഗാളിനെ മുട്ടുകുത്തിച്ച സംഘത്തില്‍ നാല് മാറ്റങ്ങള്‍ വരുത്തിയാണ് കോച്ച് പ്ലെയിങ് ഇലവനെ ഒരുക്കിയത്. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട കോച്ച് ലോല്‍സങ്‌സുല മാര്‍ ഇല്ലാതെ ഇറങ്ങിയ മിസോറം 4-1-4-1 എന്ന ശൈലി അവലംബിച്ചു.
തുടക്കത്തില്‍ ഇരുടീമുകളും സാഹസിക നീക്കങ്ങള്‍ക്ക് മുതിര്‍ന്നില്ലെങ്കിലും കളി പുരോഗമിച്ചപ്പോള്‍ മിസോറം കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു. വലതു വിങില്‍ ലാല്‍ബിയാഖുലയുടെ നീക്കങ്ങള്‍ കേരളത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു. ഗോള്‍മുഖത്ത് സെറ്റ്പീസുകള്‍ നേടുന്നതില്‍ മിസോറം വിജയിച്ചെങ്കിലും ഗോള്‍ വഴങ്ങാതെ കേരളം പ്രതിരോധം മുറുക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ നാലു ഗോള്‍ നേടിയ ലാല്‍ റൊമാവിയയുടെ 17 വാര അകലെ നിന്നുള്ള ഷോട്ട് വലതുവശത്തേക്ക് മുഴുനീള ഡൈവ് നടത്തിയാണ് മിഥുന്‍ വി തട്ടിയകറ്റിയത്. 33-ാം മിനുട്ടില്‍ റോമാവിയ ഗോളിന് തൊട്ടരികിലെത്തിയെങ്കിലും മിഥുന്റെ മനസ്സാന്നിധ്യത്തെ മറികടക്കാനായില്ല. ബോക്‌സിന്റെ അതിര്‍ത്തിയില്‍ നിന്ന് രാഹുല്‍ കെ.പി തൊടുത്ത ഷോട്ട് ലക്ഷ്യം കാണാതിരുന്നത് കേരളത്തിനും തിരിച്ചടിയായി.
ഹാഫ് ടൈമിന് തൊട്ടുമുമ്പ് സജിത്തിനെ പിന്‍വലിച്ച് സ്‌ട്രൈക്കര്‍ അഫ്ദല്‍ വി.കെയെ കളത്തിലിറക്കാനുള്ള തീരുമാനമാണ് കേരള വിജയത്തില്‍ നിര്‍ണായകമായത്. കളി ഒരു മണിക്കൂറിനോടടുക്കവെ അഫ്ദല്‍ കോച്ചിന്റെ തീരുമാനത്തെ ന്യായീകരിച്ച് വലകുലുക്കി. വലതുവിങില്‍ നിന്ന് രണ്ട് പ്രതിരോധക്കാരെ വെട്ടിച്ച് മുന്നേറിയ ജിതിന്റെ പാസില്‍ നിന്ന് രാഹുല്‍ കെ.പി ഷോട്ടുതിര്‍ത്തെങ്കിലും മിസോറം കീപ്പര്‍ ലാല്‍തന്‍പുയ്യ റാള്‍ട്ടെ തട്ടിയകറ്റി. മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന അഫ്ദലിന്റെ കാലിലാണ് പന്തെത്തിയത്. പന്ത് നിയന്ത്രിച്ച അഫ്ദല്‍ പിഴവ് വരുത്താതെ ലക്ഷ്യം കാണുകയും ചെയ്തു.
കളിയുടെ ഗതിക്കു വിപരീതമായി വീണ ഗോള്‍ മിസോറമിനെ ഞെട്ടിച്ചു. വാശിയേറിയ ആക്രമണങ്ങളിലൂടെ ഗോളടിക്കാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കേരള പ്രതിരോധം ഉരുക്കുകോട്ടയായി നിലകൊണ്ടു. അവസാന ഘട്ടങ്ങളില്‍ സര്‍വം മറന്ന് മിസോറം ആക്രമിച്ചെങ്കിലും സ്വന്തം ബോക്‌സില്‍ സമചിത്തതയോടെ നിന്ന കേരള കളിക്കാര്‍ അപകടമൊഴിവാക്കി. ക്ഷമ നശിച്ച് മിസോറം കളിക്കാര്‍ തൊടുത്ത ലോങ് റേഞ്ചറുകള്‍ക്ക് മിഥുനെ പരീക്ഷിക്കാന്‍ കഴിഞ്ഞതുമില്ല.
അഞ്ച് തവണ ചാമ്പ്യന്മാരായ കേരളത്തിന്റെ പതിനാലാമത് സന്തോഷ് ട്രോഫി ഫൈനല്‍ പ്രവേശമാണിത്. 32 തവണ ചാമ്പ്യന്മാരാണ് ആതിഥേയരായ ബംഗാള്‍. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ ബംഗാളിനായി ആരവം മുഴക്കുന്ന കാണികളെയും ആതിഥേയര്‍ക്ക് അനുകൂലമായ അന്തരീക്ഷത്തെയും കീഴടക്കുക എന്നതാവും സതീവനും കുട്ടികള്‍ക്കും മുന്നിലുള്ള വെല്ലുവിളി. 1994 ല്‍ കട്ടക്കില്‍ വെച്ചാണ് ഇതിനു മുമ്പ് കേരളം – ബംഗാള്‍ ഫൈനല്‍ നടന്നത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ജയം ബംഗാളിനൊപ്പമായിരുന്നു. അവസാനമായി കപ്പടിച്ച 2004-നു ശേഷം 2012-ല്‍ ഫൈനലിലെത്തിയെങ്കിലും കിരീടമുയര്‍ത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല.
ഇത്തവണ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ജയിക്കാന്‍ കഴിഞ്ഞുവെന്നത് കേരളത്തിന് പ്രതീക്ഷ പകരുന്നുണ്ട്.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

Football

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജയിച്ചാല്‍ സെമിയില്‍, ലൂണ കളിച്ചേക്കും

കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

Published

on

ഐഎസ്എലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സിന് നിര്‍ണായക മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമി കളിക്കും. കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ സെമിയില്‍ മോഹന്‍ ബഗാനെ നേരിടും.

പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമിലായിരുന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഘട്ടത്തില്‍ അവിശ്വസനീയമാം വിധം തകര്‍ന്നിരുന്നു. ഐഎസ്എല്‍ ഷീല്‍ഡ് നേടിയ മോഹന്‍ ബഗാനെയും രണ്ടാമത് ഫിനിഷ് ചെയ്ത മുംബൈ സിറ്റിയെയും ആദ്യ ഘട്ടത്തില്‍ പരാജയപ്പെടുത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിരുന്നു.

എന്നാല്‍, രണ്ടാം പാദത്തില്‍ 10 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് വെറും രണ്ട് മത്സരങ്ങളില്‍ മാത്രമേ വിജയിച്ചുള്ളൂ. ഹൈദരാബാദിനെയും ഗോവയെയും പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനോടും പഞ്ചാബ് എഫ്‌സിയോടും നോര്‍ത്തീസ്റ്റ് യുണൈറ്റഡിനോടും പോലും പരാജയപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒഡീഷയ്‌ക്കെതിരെ ആദ്യ പാദ മത്സരം വിജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തില്‍ പരാജയപ്പെട്ടു.

തുടരെ താരങ്ങള്‍ക്കേറ്റ പരിക്കും മോശം ഫോമും ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഘട്ട പ്രകടനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് കളിക്കുമോ എന്നത് സംശയമാണ്.

എന്നാല്‍, പരുക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട് എന്നത് ആരാധകര്‍ക്ക് ആവേശമാണ്. പ്രബീര്‍ ദാസ്, നവോച സിംഗ് എന്നിവരും ഇന്ന് ഇറങ്ങില്ല. അതുകൊണ്ട് തന്നെ, ഒഡീഷയ്‌ക്കെതിരെ വിജയിക്കുക എന്നത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.

Continue Reading

Football

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് തീപാറും പോരാട്ടം;മാഞ്ചസ്റ്റര്‍ സിറ്റി റയല്‍ മാഡ്രിഡിനെ നേരിടും, ആഴ്‌സനലും ബയേണും നേര്‍ക്കുനേര്‍

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം.

Published

on

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. വമ്പന്‍ ക്ലബ്ബുകള്‍ ഏറ്റുമുട്ടുന്ന തീപാറും പോരാട്ടങ്ങളാണ് ഇന്ന് നടക്കുക. മാഡ്രിഡില്‍ നടക്കുന്ന മത്സരത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. ലണ്ടനില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് കരുത്തരായ ആഴ്സനല്‍ ജര്‍മ്മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും. നാളെ പുലര്‍ച്ചെ 12.30നാണ് ഇരുമത്സരങ്ങളും.

റയലും സിറ്റിയും ഏറ്റുമുട്ടുമ്പോള്‍ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു ക്ലാസിക് പോരാട്ടം തന്നെ പ്രതീക്ഷിക്കാം. മികച്ച ഫോമില്‍ മുന്നേറുന്ന പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യസംഘം കിരീടം നിലനിര്‍ത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. സ്വന്തം തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കഴിഞ്ഞ സീസണില്‍ വഴങ്ങേണ്ടിവന്ന കനത്ത പരാജയത്തിന് മറുപടി നല്‍കാനായിരിക്കും റയല്‍ ശ്രമിക്കുക. കഴിഞ്ഞ സീസണിലെ സെമിഫൈനലില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് റയലിനെ സിറ്റി നാണം കെടുത്തിയത്. അന്നത്തെ തോല്‍വിക്ക് പകരംവീട്ടാനാവും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘം ഇന്നിറങ്ങുക.

അതേസമയം ഗംഭീര ഫോമിലുള്ള ആഴ്സണല്‍ ഹോം അഡ്വാന്റേജ് മുതലാക്കി ആദ്യ പാദം വിജയിക്കാനായിരിക്കും ശ്രമിക്കുക. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഗണ്ണേഴ്സ്. മൈക്കല്‍ അര്‍ട്ടേറ്റയുടെ പിള്ളേര്‍ സീസണില്‍ 31 മത്സരങ്ങളില്‍ 22 വിജയവും അഞ്ച് സമനിലയുമായാണ് മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ തോല്‍പ്പിച്ചാണ് ആഴ്സണല്‍ ക്വാര്‍ട്ടറിലെത്തിയത്. ഇറ്റാലിയന്‍ ടീമായ ലാസിയോയെ തോല്‍പ്പിച്ചാണ് ബയേണ്‍ അവസാന എട്ടിലെത്തിയത്.

 

Continue Reading

Trending