സ്പ്രിങ്ക്‌ളറില്‍ നടത്തിയത് കള്ളന്റെ തന്ത്രം; പിണറായി സര്‍ക്കാര്‍ ഏകാധിപതികളുടെ പാതയിലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കോഴിക്കോട്: സ്പ്രിങ്ക്‌ളറില്‍ സര്‍ക്കാരിന്റേത് അവസാനം വരെ പിടിച്ച് നില്‍ക്കാനുള്ള കള്ളന്റെ തന്ത്രമാണെന്നും കേസില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണം ശരിയെന്ന് തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സംസ്ഥാന സര്‍ക്കാര്‍ മലക്കം മറിഞ്ഞെവെന്നും ചെന്നിത്തല പരിഹസിച്ചു. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിന് ശേഷമാണ് രേഖകള്‍ ഉണ്ടാക്കുന്നത്. പ്രതിപക്ഷം ചൂണ്ടിക്കാട്ടിയില്ലായിരുന്നുവെങ്കില്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലര്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റകള്‍ വിറ്റു കാശാക്കുമായിരുന്നുവെന്നും സര്‍ക്കാര്‍ ഇപ്പോള്‍ എട്ട് കാര്യങ്ങളില്‍ പിന്നോക്കം പോയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  ഏകാധിപതികളുടെ പാതയിലാണ് പിണറായി സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സ്പ്രിങ്ക്‌ളര്‍ സമിതി ചേര്‍ന്നിട്ടുണ്ടോ, അവര്‍ എന്തെങ്കിലും റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ എന്ന കാര്യങ്ങള്‍ വ്യക്തമാക്കണം എന്നും സ്പ്രിങ്ക്‌ളര്‍ അന്വേഷണ കമ്മീഷന്‍ യോഗം ചേര്‍ന്നിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോടതിയും പ്രതിപക്ഷവും വസ്തുതകള്‍ മനസ്സിലാക്കിയപ്പോള്‍ അവസാനം വരെ സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറഞ്ഞ് പിടിച്ചുനിന്നു. രക്ഷയില്ലാ എന്ന് കണ്ടപ്പോള്‍ തകിടം മറിഞ്ഞ പരിതാപകരമായ അവസ്ഥയാണ് ഇന്നലെ സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ കണ്ടത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമ പോലെയായി കാര്യങ്ങള്‍. അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നല്‍കിയത് പ്രതിപക്ഷം പറഞ്ഞ കാര്യങ്ങളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

‘കോവിഡ്19ന്റെ മറവില്‍ ഏകാധിപതികളായ ഭരണാധികാരികള്‍ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കുന്നു. ജനാധിപത്യപരമായ അവകാശങ്ങള്‍ കുഴിച്ചുമൂടുന്നു. ലോകത്തൊട്ടാകെ ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നുവരുന്ന കാലമാണ്. ലോകത്തെ എല്ലാ ഏകാധിപതികളും ഇതേ പാതയാണ് പിന്തുടരുന്നത്. അമേരിക്കയിലാണെങ്കിലും ലണ്ടനിലാണെങ്കിലും ഡല്‍ഹിയിലാണെങ്കിലും തിരുവനന്തപുരത്താണെങ്കിലും ഏകാധിപതികള്‍ സ്വേഛാധിപത്യ നടപടികളുമായി മുന്നോട്ട് പോകുന്നതാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്’ ചെന്നിത്തല പറഞ്ഞു.

ഏപ്രല്‍ 10-നാണ് സ്പ്രിംക്ലര്‍ കരാര്‍ പ്രതിപക്ഷം ആദ്യമായി ഉന്നയിക്കുന്നത്. പ്രതിപക്ഷം ഇത് ഉന്നയിച്ചില്ലായിരുന്നെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ ഡാറ്റാ സ്പ്രിംക്ലര്‍ വിറ്റ് കാശാക്കുമായിരുന്നു. ഈ ഡാറ്റ അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രയോജനപ്പെടുത്താനും ദുരുപയോഗം ചെയ്യുമായിരുന്നു. ഞങ്ങള്‍ ഇടപെട്ടതു  കൊണ്ടാണ് രഹസ്യമാക്കി വെച്ചിരുന്ന സ്പ്രിംക്ലര്‍ തട്ടിപ്പ് പുറംലോകം അറിഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.  അത്ര നിഗൂഢമായിട്ടാണ് ഈ കരാര്‍ ഉണ്ടാക്കിയിട്ടുള്ള തെന്നും ചെന്നിത്തല പറഞ്ഞു.