രാസായുധ പ്രയോഗം; റഷ്യയയും ലോകരാഷ്ട്രങ്ങളും തമ്മില്‍ ഇടയുന്നു

മോസ്‌കോ: റഷ്യന്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനു നേരെയുണ്ടായ രാസായുധ പ്രയോഗത്തിന് പിന്നാലെ റഷ്യയയും ലോകരാഷ്ട്രങ്ങളും തമ്മില്‍ ഇടയുന്നു. യു.എസ് എംബിസിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 60 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ ഇന്നലെ പുറത്താക്കി. തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കയുടെ നടപടിക്ക് മറുപടിയായാണ് റഷ്യയുടെ പുതിയ നീക്കം.

രാസായുധ ആക്രമണത്തില്‍ മുന്‍ റഷ്യന്‍ ചാരനെയും മകളെയും വധിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ബ്രിട്ടനും യുഎസും അടക്കമുള്ള രാജ്യങ്ങള്‍ റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കിയതിനെ തുടര്‍ന്നാണ് റഷ്യയുടെ തിരിച്ചടി. മോസ്‌കോയിലെ 58 നയതന്ത്രജ്ഞരോടും യക്കാര്‍തിന്‍ബര്‍ഗിലെ യുഎസ് കോണ്‍സുലേറ്റിലെ രണ്ട് ഉദ്യോഗസ്ഥരോടുമാണ് ഏപ്രില്‍ അഞ്ചിനു മുന്‍പ് രാജ്യം  വിടാന്‍ നിര്‍ദേശം നല്‍കിയത്.

സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലെ യുഎസ് സ്ഥാനപതി കാര്യാലയം ഇന്നു മുതല്‍ അടച്ചു പൂട്ടാനും റഷ്യ നിര്‍ദേശിച്ചിട്ടുണ്ട്. റഷ്യയുടെ ഈ നീക്കത്തോടെ അമേരിക്ക-റഷ്യ ബന്ധം കൂടുതല്‍ വഷളായതായി യുഎസ് പ്രതികരിച്ചു.

കഴിഞ്ഞ 14ന് 23 റഷ്യന്‍ നയതന്ത്രജ്ഞരെ ബ്രിട്ടണ്‍ പുറത്താക്കിയിരുന്നു. രാസായുധ പ്രയോഗത്തെ തുടര്‍ന്നായിരുന്നു ബ്രിട്ടന്റെ നടപടി.
റഷ്യയുടെ നടപടി അപ്രതീക്ഷിതമായിരുന്നു. ഒരു ന്യായീകരണവുമില്ലാത്ത നടപടിയാണ് റഷ്യയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വൈറ്റ് ഹൗസ് പുറത്തുവിട്ട പ്രസ്ഥാവനയില്‍  പറഞ്ഞു.

അതേസമയം, റഷ്യക്കെതിരായി മറ്റു രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് അമേരിക്കയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗേയ് ലാവ്‌റോവ് ആരോപിച്ചു.

SHARE