‘വയറുവേദനയായിരുന്ന ശ്രീജിത്തിനെ എസ്.ഐ ദീപക് നിലത്തിട്ട് ചവിട്ടി’; ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ ആര്‍.ടി.എഫുകാര്‍ ക്രൂരമായി മര്‍ദിച്ചതായി ശ്രീജിത്തിന്റെ സുഹൃത്തുക്കള്‍. വയറുവേദനയായിരുന്ന ശ്രീജിത്തിനെ എസ്.ഐ ദീപക് നിലത്തിട്ട് മര്‍ദിച്ചു. അസഭ്യം പറഞ്ഞുകൊണ്ടാണ് ശ്രീജിത്തിന്റെ അടിവയറ്റില്‍ ദീപക് ചവിട്ടിയതെന്നും വരാപ്പുഴയിലെ വാസുദേവന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവര്‍ പറഞ്ഞു.

അവശനിലയിലായ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് തയാറായില്ല. പിന്നീട് ഏറെ നേരം കഴിഞ്ഞ് ആസ്പത്രിയിലേക്ക് കൊണ്ടുപോയ പൊലീസുകാരും ശ്രീജിത്തിനെ മര്‍ദ്ദിച്ചു. ശ്രീജിത്തിന്റെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടത് ഇതിനു ശേഷമാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പൊലീസ് സ്റ്റേഷനില്‍വെച്ച് എസ്.ഐ ദീപക് മര്‍ദ്ദിച്ചിരുന്നുവെന്ന് അന്വേഷണസംഘം നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊലക്കുറ്റം, അന്യായമായി തടങ്കലില്‍ വെക്കല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് ദീപക്കിനെതിരെ ചുമത്തിയിട്ടുള്ളത്.