കെഎം ബഷീറിന്റെ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമന്‍ തെളിവു നശിപ്പിച്ചെന്ന് കുറ്റപത്രം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ തെളിവു നശിപ്പിക്കാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ശ്രമം നടത്തിയെന്ന് അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

ശ്രീറാമിന് കാര്യമായ പരിക്കൊന്നുമില്ലാതിരുന്നിട്ടും തുടര്‍ ചികിത്സക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കിംസ് ആശുപത്രിയില്‍ രക്തം എടുക്കാന്‍ അനുവദിക്കാതെ തെളിവ് നശിപ്പിച്ചു. സ്ഥലത്തെത്തിയ പൊലീസുകാരോട് താനല്ല വാഹനമോടിച്ചതെന്ന് പറഞ്ഞെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഓഗസ്റ്റ് 3നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. ശ്രീറാമാണ് വാഹനമോടിച്ചതെന്ന് സഹയാത്രിക വഫ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീറാമിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രീറാം പലതരത്തിലും ശ്രമങ്ങള്‍ നടത്തിയിരുന്നു.