പരിപാടി എന്തെന്ന് മറച്ചുവെച്ച് ആളുകളെ എത്തിച്ചു; ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടി വിവാദമായി

ശ്രീനഗര്‍: ആര്‍ട്ട് ഓഫ് ലിവിംഗ് തലവന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം കേള്‍ക്കാന്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്നത് വിവാദമായി. ശ്രീനഗറിലെ ഷേറെ കാശ്മീര്‍ ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററില്‍ നടന്ന ‘പൈഗാം ഇ മൊഹബ്ബത്ത്’ (സ്‌നേഹത്തിന്റെ സന്ദേശം) പരിപാടിയാണ് വിവാദമായത്. രവിശങ്കറിന്റെ പരിപാടിയാണെന്നത് മറച്ചുവെച്ചാണ് സംഘാടകര്‍ ആളുകളെ ചടങ്ങിനെത്തിച്ചത്. പ്രസംഗം തുടങ്ങിയതോടെ ആളുകള്‍ ആസാദി മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. ആളുകള്‍ക്ക് എഴുന്നേറ്റ് പോവാന്‍ തുടങ്ങിയതോടെ രവിശങ്കറിന് പ്രസംഗം പെട്ടന്ന് അവസാനിപ്പിക്കേണ്ടി വന്നു.

രവിശങ്കറിന്റെ പ്രസംഗമാണ് ഇവിടെ നടക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് ചടങ്ങിനെത്തിയവര്‍ പറഞ്ഞു. വ്യത്യസ്തമായ കാരണങ്ങള്‍ പറഞ്ഞാണ് ആളുകളെ പരിപാടിക്കെത്തിച്ചത്. തൊഴില്‍മേളയും ട്രൈനിംഗ് പ്രോഗ്രാമും നടക്കുന്നുവെന്ന് പറഞ്ഞാണ് തങ്ങളെ പരിപാടിക്ക് കൊണ്ടുവന്നതെന്ന് പന്തചൗങ്ക് പ്രവിശ്യയില്‍ നിന്ന് വന്ന ഒരു വിഭാഗം യുവാക്കള്‍ പറഞ്ഞു.

ഇസ്ലാമിക പ്രഭാഷണം നടക്കുന്നുവെന്ന് പറഞ്ഞാണ് തങ്ങളെ പരിപാടിക്ക് ക്ഷണിച്ചതെന്ന് ബുദ്ഗാം ജില്ലയില്‍ നിന്നുള്ളവര്‍ പറഞ്ഞു. ക്രിക്കറ്റ് കിറ്റുകള്‍ വിതരണം ചെയ്യുന്നുവെന്ന് പറഞ്ഞാണ് പരിപാടിക്ക് ക്ഷണിച്ചതെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പറഞ്ഞു. ക്രിക്കറ്റ് കിറ്റും പണവും ലഭിക്കുമെന്ന് പറഞ്ഞാണ് തങ്ങളെ ക്ഷണിച്ചത്. എന്നാല്‍ ഒരു ഗ്ലാസ് വെള്ളമല്ലാതെ ഒന്നും ലഭിച്ചില്ലെന്ന് ബാരാമുള്ള ജില്ലയില്‍ നിന്നുള്ള ജാവേദ് അഹമ്മദ് പറഞ്ഞു.

കശ്മീര്‍ ജനതയുടെ വേദനയും സങ്കടങ്ങളും കേള്‍ക്കാനാണ് താന്‍ വന്നതെന്ന് രവിശങ്കര്‍ പിന്നീട് പറഞ്ഞു. കശ്മീരില്‍ സ്‌നേഹത്തിന്റേയും സമാധാനത്തിന്റേയും അന്തരീക്ഷം സൃഷ്ടിക്കലാണ് തന്റെ ലക്ഷ്യമെന്ന് രവിശങ്കര്‍ പറഞ്ഞു.

SHARE