കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര കായണ്ണ ജി.എച്ച്.എസ്.എസില്‍ ബുധനാഴ്ച നടന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ റോഡരികില്‍. മലയാളം,അറബിക്,സംസ്‌കൃതം എന്നീ ഉത്തരക്കടലാസുകളാണ് ഇതുവഴിയെ പോയ നാട്ടുകാരന് ലഭിച്ചത്.
സ്‌കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയില്‍ കുറ്റിവയലിലാണ് കെട്ട് കണ്ടെത്തിയത്. സംഭവത്തില്‍ ഓഫീസ് ജീവനക്കാരന്‍ സിബിയെ ജില്ലാ ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍ പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി. തുടര്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും അറിയിച്ചു.

സ്‌കൂളില്‍നിന്ന് കായണ്ണ അങ്ങാടിയിലേക്കുള്ള വഴിയിലെ കുറ്റിവയലിലാണ് നാട്ടുകാരനായ ഒരാള്‍ കെട്ട് കണ്ടെത്തിയത്. ഇയാള്‍ സ്‌കൂളിലേക്ക് വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ സ്ഥലത്തെത്തി കെട്ടുകള്‍ ശേഖരിച്ചു.

എന്നാല്‍ ഉത്തരക്കടലാസുകള്‍ റോഡരികില്‍ കണ്ടെത്തിയതറിഞ്ഞ് നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി.