ബി.ജെ.പിയും സാമ്പത്തിക പ്രതിസന്ധിയില്‍? ഓഫീസ് ജീവനക്കാര്‍ക്ക് രണ്ടു മാസമായി ശമ്പളമില്ല

കൊല്‍ക്കത്ത: രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയപ്പാര്‍ട്ടിയായ ബി.ജെ.പിയും സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയുടെ പശ്ചിമ ബംഗാള്‍ യൂണിറ്റിലെ ജീവനക്കാര്‍ക്ക് രണ്ടു മാസമായി ശമ്പളം കിട്ടിയിട്ടില്ലെന്ന് കൊല്‍ക്കത്തന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡ്രൈവര്‍മാര്‍, തൂപ്പുജോലിക്കാര്‍ അടക്കം 20 ജീവനക്കാര്‍ക്കാണ് ശമ്പളം കിട്ടാത്തത്. 6 മുരളീധര്‍ സെന്‍ ലൈനിലാണ് കൊല്‍ക്കത്തയിലെ ബി.ജെ.പി ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

‘ഫെബ്രുവരി വരെ മിക്ക ജീവനക്കാര്‍ക്കും ശമ്പളം നല്‍കിയിട്ടുണ്ട്. അവിടന്നങ്ങോട്ട് വേതനം കിട്ടിയിട്ടില്ല. ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവാദപ്പെട്ട ഭാരവാഹികളെ വിളിച്ചിരുന്നു. എന്നാല്‍ ആരും അത് ഗൗരവത്തിലെടുക്കുന്നില്ല’ – ഒരു പാര്‍ട്ടി നേതാവ് ദ ടെലഗ്രാഫിനോട് പറഞ്ഞു.

വാര്‍ത്ത പുറത്തുവന്നതോടെ തിരക്കിട്ട വിശദീകരണവുമായി സംസ്ഥാന നേതൃത്വം രംഗത്തെത്തി. എല്ലാവര്‍ക്കും ശമ്പളം നല്‍കിയെന്നാണ് വക്താവ് സപ്തര്‍ഷി ചൗധരിയുടെ വിശദീകരണം. എന്നാല്‍ സപ്തര്‍ഷിയുടെ പ്രസ്താവനയില്‍ സംശയം തോന്നിക്കുന്ന നിലപാടുമായി ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ സായന്തന്‍ ബസു രംഗത്തെത്തി. ‘ചില വൈകല്‍ ഉണ്ടായിട്ടുണ്ട്. ലോക്ക്ഡൗണില്‍ ബാങ്കുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് ഇതിന് കാരണം. പണം നല്‍കിയാല്‍ പോലും മിക്ക ജീവനക്കാര്‍ക്കും അത് പിന്‍വലിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്’- അദ്ദേഹം പറഞ്ഞു.

‘എല്ലാ തൊഴില്‍ ദാതാക്കളോടും കൃത്യമായി ശമ്പളം നല്‍കണം എന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. എന്നാല്‍ അവരത് ബംഗാളില്‍ ചെയ്തില്ല. ജീവനക്കാരില്‍ രണ്ടു പേര്‍ക്ക് ബാങ്ക് അക്കൗണ്ട് പോലുമില്ലെന്ന് എനിക്കറിയാം. ജന്‍ധന്‍ അക്കൗണ്ടിന്റെ വിജയം ആഘോഷിക്കുമ്പോള്‍ ഇത് നാണക്കേടാണ്’ – പ്രാദേശിക ബി.ജെ.പി നേതാവ് പറഞ്ഞു.

ഫെബ്രുവരിക്ക് ശേഷം ശമ്പളം കിട്ടിയില്ല എന്നാണ് ചില ജീവനക്കാര്‍ ദ ടെലഗ്രാഫിനോട് പറഞ്ഞത്. മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ പോലുമുള്ള പണം കൈയിലില്ലെന്നും അവര്‍ പരാതിപ്പെട്ടു.

2017-18 സാമ്പത്തിക വര്‍ഷം 1483.35 കോടി രൂപയാണ് ബി.ജെ.പിയുടെ ആസ്തി. 2016-17 വര്‍ഷത്തിലെ 1213.13 കോടിയില്‍ നിന്നാണ് പാര്‍ട്ടിയുടെ ആസ്തി 22.27 ശതമാനം വര്‍ദ്ധിച്ച് ഏകദേശം ആയിരത്തി അഞ്ഞൂറ് കോടിയിലെത്തിയത്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റേതാണ് കണക്കുകള്‍.