ഷാഹീന്‍ബാഗിലെ സമര ചിറകുകള്‍

കെ.എം അബ്ദുല്‍ ഗഫൂര്‍

‘ഒരു പാക്കറ്റ് പാല്‍ വാങ്ങാന്‍പോലും പുറത്തിറങ്ങാത്ത സ്ത്രീകളാണ്ആ നടുറോഡില്‍ കുത്തിയിരിക്കുന്നത്. ഞങ്ങളുടെ ധൈര്യം ഇപ്പോള്‍ അവരാണ്. സി.എ.എ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ കുടുംബനാഥന്മാരായ ആണുങ്ങള്‍ ആശങ്കപ്പെട്ടത് സ്വന്തം കാര്യത്തിലല്ല. വീട്ടിലെ സ്ത്രീകളെയും കുട്ടികളെയും ആലോചിച്ചായിരുന്നു. പക്ഷെ ഇപ്പോള്‍ ഞങ്ങളില്‍ പലരും ധൈര്യം സംഭരിക്കുന്നത് അവരില്‍ നിന്നാണ്’.
രാത്രി പതിനൊന്നു മണിക്ക് ഷാഹീന്‍ബാഗിലെ തെരുവില്‍ ചായ കുടിച്ചിരിക്കുന്ന ഒരു പുരുഷ സംഘം സമരാവേശം പങ്കുവെച്ച് സംസാരിക്കുകയാണ്. രാജ്യ തലസ്ഥാനത്തോടുചേര്‍ന്ന് മൂന്നു സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപാതയുടെ മധ്യത്തില്‍ കുത്തിയിരുന്ന് സ്ത്രീകളും കുട്ടികളും സമരമുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിക്കുമ്പോള്‍ അവരുടെ രക്ഷിതാക്കളായ പുരുഷന്മാര്‍ക്ക് ഉറങ്ങാനാവില്ല. വെള്ളവും ചായയും പഴങ്ങളും നല്‍കി അവര്‍ ചുറ്റുമുണ്ട്. സംരക്ഷണത്തിന്റെയും കരുതലിന്റെയും ഒരു അദൃശ്യവലയം പോലെ. അമ്മമാര്‍ സമരത്തിന്റെ കവിതയും കഥയും മുദ്രാവാക്യങ്ങളും കേട്ടും പറഞ്ഞും ഇരിക്കുന്ന സമരപന്തലില്‍നിന്നും പുറത്തിറങ്ങി ഓടിക്കളിക്കുന്ന കുട്ടികളും സമര പോരാട്ടത്തിനൊരുങ്ങി വന്നതായി തോന്നും.

അടുത്ത് കിട്ടിയ അതിലൊരാളോട് സമരത്തെക്കുറിച്ച് ചോദിച്ചറിയാന്‍ തുടങ്ങുമ്പോള്‍ തന്നെ ഒരാള്‍ ചുമലില്‍ പിടിച്ചു. ‘ബായ് സാബ്.. നിങ്ങള്‍ക്ക് എന്താണറിയേണ്ടത് ഞങ്ങള്‍ പറഞ്ഞുതരാം.’ പൂരപ്പറമ്പ്‌പോലെ സജീവമായ ആ സമരഭൂമിയില്‍ അവര്‍ ജാഗ്രതയോടെ കാവലിലുമാണ്. രാജാളിപ്പക്ഷിയുടെ പേരുകൊണ്ട് പ്രസിദ്ധമായ തെരുവിലാണ് തങ്ങള്‍ ഉറങ്ങുന്നതും ഉണരുന്നതും കളിച്ചു വളര്‍ന്നതും എന്നൊക്കെ ഒരുപക്ഷെ പലരും ഇപ്പോഴാണറിയുന്നത്. അല്ലാമാ ഇഖ്ബാലിന്റെ ആ കവിത ഉറക്കെ പാടുകയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍.
‘തൂ ഷാഹിന്‍ ഹേ.. പര്‍വ്വാസ് ഹേ കാം തേരാ..
തേരേ സംനേ ആസ്മാന്‍ ഹേ ഓര്‍ ബി..’
നീ രാജാളിപ്പക്ഷിയാണ്.. പറക്കലാണു നിന്റെ ധര്‍മ്മം.. നിനക്കിനിയും പറന്നുയരാന്‍ ഒരുപാട് ആകാശങ്ങളുണ്ട്..

മുപ്പത്താറു വര്‍ഷങ്ങള്‍ക്ക്മുമ്പ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍നിന്ന് ഒരു ചെറുപ്പക്കാരന്‍ ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കാന്‍വന്നതുകൊണ്ടാണ് ഈ തെരുവുണ്ടായത്. ഷാരിഖ് അന്‍സാറുല്ല എന്ന ആ വിദ്യാര്‍ത്ഥി 1979ല്‍ ജാമിയയില്‍നിന്ന് ബിരുദമെടുത്ത് പിന്നീട് ജെ. എന്‍.യുവില്‍ ചേര്‍ന്നു. ജെ.എന്‍.യുവിലെ പഠനം കഴിഞ്ഞപ്പോഴേക്കും അയാള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസും തുടങ്ങി. അന്‍സാറുല്ലയുടെ കുടുംബം ജസോല വില്ലേജില്‍ എണ്‍പത് ‘ബിഗ’ ഭൂമി വാങ്ങി, ഒരു റസിഡന്‍ഷ്യല്‍ കോളനിയുണ്ടാക്കി. എന്തു പേരിടണം എന്നാലോചിച്ച അന്‍സാറുല്ലയുടെ മനസ്സിലേക്ക് അല്ലാമാ ഇഖ്ബാലിന്റെ വരികള്‍ ഓടിയെത്തി. (ഇഖ്ബാല്‍ കവിതകളിലെ സൈദ്ധാന്തിക വരികളില്‍ ആവേശം കൊണ്ട ചെറുപ്പമായിരുന്നു ആ കാലമെന്ന് അന്‍സാറുല്ല ഓര്‍ക്കുന്നു) തൂ ഷാഹിന്‍ ഹേ.. ഷാഹിന്‍ ബാഗ്.. രാജാളിപ്പക്ഷിയുടെ പൂന്തോട്ടം. ‘ഇന്ന് ആ പേരിനര്‍ത്ഥമുണ്ടായിരിക്കുന്നു.’ അന്‍സാറുല്ല പറയുന്നു. ‘ഇതൊരു പൂന്തോട്ടമാണ്. വെറും താമരയല്ല’. ബി.ജെ. പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തെ പരിഹസിച്ചുകൊണ്ട് സമരഭൂമിയിലെ പോസ്റ്ററുകളില്‍ ഒന്ന്. ‘ഇന്ത്യ ഒരു വലിയ പൂന്തോട്ടമാണ്. വ്യത്യസ്തമായ മതങ്ങളും ഭാഷകളും സംസ്‌ക്കാരങ്ങളും പൂത്തുലഞ്ഞുനില്‍ക്കുന്ന ഒരു വലിയ പൂന്തോട്ടം. താമരമാത്രം വിരിയണമെന്ന് നിങ്ങള്‍ വാശിപിടിക്കാതിരിക്കുക.’

ഒരു ആര്‍ട്ട് ഗാലറി എന്നാണു ഷാഹീന്‍ ബാഗ് സമര പരിസസരത്തെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ആരും പറയാതെ പത്തോ പതിനഞ്ചോ വനിതകള്‍ ഇരുന്ന് തുടങ്ങിയ സമരമായിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങുകയും ആ സമരത്തെ പൊലീസ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തതിന്റെ തൊട്ടടുത്ത ദിവസം. 2019 ഡിസംബര്‍ 14 ന് തുടങ്ങിയ ഈ സമരം പതുക്കെ പതുക്കെ ജനശ്രദ്ധയാകര്‍ഷിക്കകയും പങ്കാളിത്തം വര്‍ധിക്കുകയും ചെയ്തു. നോയിഡയില്‍ നിന്ന് ഫരീദാബാദിലേക്ക് കടക്കുന്ന പ്രധാന റോഡുകളില്‍ ഒന്നാണു സമരഭൂമിയായി മാറിയത്. ഡല്‍ഹി, യു.പി, ഹരിയാന സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന അന്തര്‍ സംസ്ഥാന പാതകളിലൊന്നില്‍ ഒരു വലിയ സംഘം സ്ത്രീകള്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി രാപകലില്ലാതെ കുത്തിയിരിക്കുന്നു. വിവിധ സര്‍വ്വകലാശാലകളില്‍നിന്ന് വിദ്യാര്‍ത്ഥിനികള്‍ വന്ന് അവരോട് സംസാരിക്കുന്നു. മനോഹരമായ കവിതകള്‍ ആലപിക്കുന്നു. പ്രസംഗിക്കുന്നു. രാജ്യത്തെ ആക്റ്റിവിസ്റ്റുകളും രാഷ്ട്രീയ പ്രമുഖരും സമരസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. എല്ലാവരും അവനവനു സാധിക്കുംവിധം സമരത്തില്‍ പങ്കളികളാവുന്നു. സമരം കണ്ടു നടക്കുന്നതിനിടയില്‍ ചായക്കപ്പ് നീട്ടി ഒരു വൃദ്ധന്‍ ചിരിക്കുന്നു. അയാളുടെ സൈക്കിളില്‍ #ാസ്‌ക്ക് തൂക്കിയിട്ടിട്ടുണ്ട്. ആ ചായ സല്‍ക്കാരം സ്വീകരിച്ച് പണം നല്‍കാന്‍ തുനിയുമ്പോള്‍ അയാള്‍ നിരസിക്കുന്നു. ‘ഇതെന്റെ വകയാണ്.’ സമരത്തില്‍ പങ്കുപറ്റിക്കൊണ്ട് ഒരിറക്ക് ചായ കൊടുത്ത് സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവര്‍ മുതല്‍ വൈദ്യസഹായം നല്‍കി സമരഭടന്മാരുടെ ആരോഗ്യം കാത്ത് സൂക്ഷിക്കുന്നവര്‍ വരെ.

ജെ.എന്‍.യുവില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ ഡോ. ബാസിത്ത് പറഞ്ഞു. ‘ചെറിയ കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെ സമരം ചെയ്യുന്ന ഒരു സ്ഥലത്ത് വൈദ്യ സഹായം അനിവാര്യമാവും. രണ്ടാം ദിവസം മുതല്‍ ഒരു മെഡിക്കല്‍ യൂണിറ്റ് തുടങ്ങാന്‍ കഴിഞ്ഞു. കടുത്ത തണുപ്പില്‍ ശ്വാസം മുട്ടലും പനിയും മറ്റ് പ്രശ്‌നങ്ങളുമായി വരുന്നവര്‍ക്ക് വൈദ്യസഹായവും മരുന്നും നല്‍കാന്‍ സാധിക്കുന്നു.’
സമരത്തിനിടയില്‍ പുസ്തകങ്ങള്‍ വായിക്കാന്‍ ഒരിടമുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെക്കുറിച്ചും സമരങ്ങളെക്കുറിച്ചും ഉള്ള ചരിത്ര വര്‍ത്തമാനങ്ങള്‍ അടങ്ങിയ നൂറുകണക്കിനു പുസ്തകങ്ങള്‍. ‘ജാമിഅയില്‍ ലൈബ്രറിയില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച പൊലീസുകാര്‍ വരികയാണെങ്കില്‍ അവര്‍ക്ക് വായിച്ചിരിക്കാന്‍ ഒരു ലൈബ്രറി ഉണ്ടായിക്കോട്ടെ’ എന്നാണു സമരസംഘാടകര്‍ ചിരിച്ചുകൊണ്ട് പറയുന്നത്. അവര്‍ സമരത്തെ സര്‍ഗാത്മകമാക്കുകയാണ്.

ഫൈസ് അഹമദ് ഫൈസിന്റെ ‘ഹം ദേഖേം ഗേ’ എന്ന കവിതയെഴുതിയ കടലാസുകള്‍കൊണ്ട് തോണിയുണ്ടാക്കി അത് ഹൃദയ രൂപത്തില്‍ നിലത്ത് നിരത്തി വെച്ച് കൊണ്ട് ഇരുമ്പ് വലകളും ഫ്രേയ്മും കൊണ്ട് ഇന്ത്യാരാജ്യത്തിന്റെ മാതൃകയുണ്ടാക്കി കൊണ്ട് ഓരോരുത്തരും സമരപോരാളികളായി നിലകൊണ്ട്. സമരപന്തലില്‍ ഒരു അമ്മ പ്രസംഗം കേട്ടിരിക്കുമ്പോള്‍, അച്ഛനും മകനും പുറത്ത് കുറേ പ്ലക്കാര്‍ഡുകള്‍ നിരത്തിവെച്ച് ഇരിക്കുന്നു. ദേശീയ പതാകയുണ്ട് അരികില്‍. പ്ലക്കാര്‍ഡുകള്‍ക്കുമുമ്പില്‍ കത്തിച്ചുവെച്ച മെഴുകുതിരികളില്‍ ഒന്ന് എടുത്ത് ആ ആറു വയസുകാരന്‍ കൈയില്‍ ഉയര്‍ത്തിപ്പിടിക്കുന്നു. സ്‌നേഹസ്വരത്തില്‍ അവനെ ശാസിച്ച് പിതാവ് ആ മെഴുകുതിരി വാങ്ങിവെച്ചു. അവന്‍ പിണങ്ങിപ്പോയി. പിതാവ് വിളിച്ചിട്ടും നില്‍ക്കാതെ ഓടി ആള്‍ക്കൂട്ടത്തിനിടയിലൂടെ. ‘അവന്‍ തിരിച്ചുവരും.’ അയാള്‍ പറഞ്ഞു. ഒരാധിയുമില്ല ആ മനുഷ്യന്. കുറച്ച് ദൂരെ മാറി നില്‍ക്കുന്ന അവന്‍ കൂട്ടുകാരനോട് പറയുന്നു. ‘അച്ഛന്‍ എന്നെ സമരത്തില്‍നിന്ന് ഇറക്കിവിട്ടു’ എന്ന്. പിണക്കം മാറി അവന്‍ വരുന്നതും പിതാവ് കെട്ടിപ്പിടിക്കുന്നതും മനോഹരമായ കാഴ്ചയാണ്. കുട്ടികള്‍ അഭിമാനത്തോടെയാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ജാമിഅ മില്ലിയ യൂണിവേഴ്‌സിറ്റിക്ക്മുന്നില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ തത്സമയ നാടകം കണ്ടുനില്‍ക്കുന്ന ഒരു പാട് ചെറിയ കുട്ടികള്‍. യൂണിഫോമില്‍ സ്‌കൂള്‍ ബാഗ് തോളില്‍തൂക്കി അവിടെ പരന്ന് നടക്കുന്നു. സമയം ഇരുട്ടി തുടങ്ങുമ്പോള്‍ അവര്‍ മെല്ലെ നടന്നു നീങ്ങുന്നു. കിലോ മീറ്ററുകള്‍ക്കപ്പുറത്തുള്ള ഷഹീന്‍ ബാഗിലേക്ക്.

പ്രൊഫസര്‍ എം.എന്‍ വിജയന്‍ സ്വാതന്ത്ര്യസമരകാലത്തെ അദ്ദേഹത്തിന്റെ വിദ്യാലയ ജീവിതം കുറിച്ചതിങ്ങനെ ‘ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഖദര്‍ ധരിച്ചു മുണ്ടു മടക്കിക്കുത്തി നടക്കുമ്പോള്‍, ഹിന്ദി പഠിക്കാന്‍ പോകുമ്പോള്‍, ഞങ്ങള്‍ വെറുതെ സംശയിച്ചു. ആരോ പിന്തുടരുന്നുണ്ട് എന്ന്. പൊലീസ് ചാരന്മാര്‍ ഞങ്ങളെ ഒറ്റുകൊടുക്കാന്‍ പിന്നില്‍ വരുന്നു എന്ന് ആഗ്രഹിച്ചു.’ അതുപോലെ ഈ കുട്ടികളും സ്വാതന്ത്ര്യത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്. പണം കൊടുത്ത് സമരക്കാരെ ഉണ്ടാക്കുന്നു എന്നാണ് സംഘ്പരിവാരം പ്രചരിപ്പിച്ചത്. ബഹറോനിസ എന്ന സ്ത്രീ തന്റെ തൊഴില്‍ എന്നേക്കുമായി ഉപേക്ഷിച്ചാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സമരവേദി പൗരത്വ ഭേദഗതി മാത്രമല്ല ചര്‍ച്ച ചെയ്യുന്നത്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് ഐക്യദാര്‍ഢ്യവും ആസ്‌ത്രേലിയയിലെ കാട്ടുതീയില്‍ ജീവന്‍ പൊലിഞ്ഞ മിണ്ടാപ്രാണികള്‍ക്ക് ദുഃഖവും രേഖപ്പെടുത്തുന്നു. സിഖ് കര്‍ഷകര്‍ പഴങ്ങളും ഭക്ഷണവും വിതരണം ചെയ്ത് സമര പോരാളികള്‍ക്ക് ആവേശം പകരുന്നു. റോഡ് ഗതാഗതം തടസ്സപ്പെടുന്നു, കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ല എന്നീ പരാതികളുമായി നിരവധി ഹരജികളാണ് കോടതിയില്‍ എത്തിയത്. പൊലിസ് തീരുമാനമെടുക്കേണ്ട വിഷയമാണിതെല്ലാം എന്ന മറുപടിയോടെ ഹരജികള്‍ ഫയലില്‍ സ്വീകരിച്ചില്ല എന്നാണ് പത്രങ്ങള്‍ പറയുന്നത്. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള ബസുകള്‍ക്ക് സൗകര്യമൊരുക്കി കൊടുക്കുന്നുണ്ട്. ആംബുലന്‍സ് പോലുള്ള അടിയന്തര വാഹനങ്ങള്‍ക്കും വഴിയൊരുക്കുന്നു എന്ന് സമരക്കാര്‍ പറയുന്നു. കുട്ടികളുടെ സ്‌കൂള്‍ പഠനവും വിദ്യാഭ്യാസ പ്രശ്‌നങ്ങളും പറയുന്നവര്‍ ജാമിഅയിലും ജെ.എന്‍.യുവിലും കാണിക്കുന്ന താല്‍പര്യംകൂടി മനസ്സിലാക്കണം എന്നാണ് സമരക്കാരുടെ ട്വീറ്റുകള്‍.

ഇതൊരു സത്യഗ്രഹമായി ലോകം വീക്ഷിക്കുന്നു. രാജ്യത്താകമാനം ചെറുതും വലുതുമായ ഷഹീന്‍ ബാഗുകള്‍ ഉണ്ടാവുന്നു. ബീഹാര്‍, ഉത്തര്‍പ്രദേശ്, മുംബൈ എന്നിവിടങ്ങളില്‍ സമാധാനപരമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഷഹീന്‍ ബാഗിലായിരുന്നു ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങള്‍. ഒരേസമയം രണ്ട് പ്രധാന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവര്‍ക്ക് പണിപ്പെടേണ്ടിവന്നു. റിപ്പബ്ലിക്ദിന പരേഡ് നടക്കുന്ന വേദിയായിരുന്നു ഒന്ന്. ഷഹീന്‍ ബാഗിലെ പതിനായിരങ്ങളെ സാക്ഷിയാക്കി നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങായിരുന്നു മറ്റൊന്ന്. ആ പതാക ഉയര്‍ത്തിയത് ജാതീയതയാല്‍ മാനസികമായും ശാരീരികമായും അക്രമിക്കപ്പെട്ട രോഹിത് വെമുലയുടെ അമ്മയാണ്. ഇന്ത്യയുടെ തലസ്ഥാനം ആദ്യമായാണ് ഇങ്ങനെയൊരു റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നത്. ഭരണാധികാരികള്‍ ജനങ്ങളെ തെരുവില്‍ ഇറക്കേണ്ടവരല്ല. തെരുവുകളില്‍നിന്ന് കൈപിടിച്ചുയര്‍ത്തേണ്ടവരാണെന്ന സന്ദേശം കൂടിയുണ്ട് ഷഹീന്‍ ബാഗിലെ പ്രതിഷേധത്തിന്.

ഷഹീന്‍ ബാഗിലെ സമരത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്നവര്‍ക്കും അവരുടെ ഇച്ഛാശക്തിയെയും ആത്മാര്‍ത്ഥതയെയും അംഗീകരിക്കാതിരിക്കാനാവില്ല. ദേശീയതയെ ഹൃദയത്തില്‍ ഏറ്റെടുത്ത്, ദേശീയ പതാക മുറുകെപിടിച്ച് അവര്‍ രാവും പകലുമില്ലാതെ സമരഭൂമിയിലാണ്. കഴിഞ്ഞ നൂറു വര്‍ഷത്തിനിടയില്‍ ഡല്‍ഹിയിലെ, ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ രാത്രിയായിരുന്നു 2019 ഡിസംബര്‍ 31 എന്ന് കാലാവസ്ഥ കണക്ക് പുസ്തകം പറയുന്നുണ്ട്. ഇന്ത്യ പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കുന്ന രാത്രിയില്‍ ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളും കൊടും തണുപ്പില്‍ നിലകൊണ്ട്് ദേശീയഗാനം ആലപിക്കുകയായിരുന്നു. അവരില്‍ 90 വയസ്സ് പിന്നിട്ട അമ്മൂമ്മയുണ്ടായിരുന്നു. ജനിച്ചിട്ട് ആറു മാസം മാത്രം പ്രായമായ കൈക്കുഞ്ഞും ഉണ്ടായിരുന്നു. ‘നിന്റെ പണി പറക്കലാണ്. പറന്നുയരാന്‍ ഇനിയുമേറെ ആകാശങ്ങളുണ്ട്’ എന്ന ഇഖ്ബാലിന്റെ വരികള്‍ രാജാളിപ്പക്ഷിയുടെ പൂന്തോട്ടത്തില്‍ പ്രകമ്പനം കൊള്ളുമ്പോള്‍ അവര്‍ക്ക് ഉറങ്ങാനാവുന്നുണ്ടാവില്ല.

SHARE