പാറമടയില്‍വീണ് വിദ്യാര്‍ഥിനികളുടെ മുങ്ങിമരണം; നാടിനെ നൊമ്പരത്തിലാഴ്ത്തി കബറടക്കം

കൊണ്ടോട്ടി: പുളിക്കല്‍ ആന്തിയൂര്‍കുന്ന്, വള്ളിക്കാട് മൂച്ചിത്തോട്ടം പാറമടയില്‍ വീണ് മരിച്ച വിദ്യാര്‍ഥിനികളെ കബറടക്കി. ഇന്നലെ രാവിലെ 10.30 ഓടെയാണ് പ്രദേശത്തെ നൊമ്പരത്തിലാഴ്ത്തി ആയിഷ റിന്‍ഷ (15) നാജിയ ഷെറിന്‍ (13) എന്നിവരുടെ ദാരുണ മരണം സംഭവിച്ചത്. പ്രിയപ്പെട്ട മലയാള അധ്യാപകനായ ശാന്തകുമാറിന്റെ ആകസ്മിക വേര്‍പാട് സ്‌കൂളിന് കടുത്ത ആഘാതമായിനില്‍ക്കെയാണ് ഒളവട്ടൂര്‍ യതീംഖാന ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികളായ റിന്‍ഷയെയും ആയിഷയെയും മരണം തട്ടിയെടുത്തത്.

സഹോദരങ്ങളായ വള്ളിക്കാട്, താഴത്തുവീട്ടില്‍ കോയയുടെ മകള്‍ റിന്‍ഷയും കരടുകണ്ടം,താഴത്തു വീട്ടില്‍ മുഹമ്മദ്കുട്ടിയുടെ മകള്‍ ഷെറിനും സമീപത്തെ ക്വോറിയില്‍ നിന്നും വെള്ളമെടുക്കാന്‍ ശ്രമിക്കവെയാണ് മുങ്ങിമരിച്ചത്.

ക്വോറിയില്‍ നിന്ന് പൈപ്പ് വഴി വീട്ടിലേക്ക് എടുത്തിരുന്ന വെള്ളം വരുന്നത് നിലച്ചപ്പോള്‍ ആയിഷറിന്‍ഷയുടെ മാതാവും സഹോദരികള്‍ക്കുമൊപ്പം
പരിശോധിക്കാന്‍ പോയതായിരുന്നു ഇവര്‍. പൈപ്പ് ശരിയാക്കുന്നതിനിടെ ഇവര്‍ ക്വോറിയിലേക്ക് വഴുതി വീണു. രംഗം കണ്ട് മാതാവ് നിലവിളിച്ച് റോഡിലേക്ക് വരുന്നത് കണ്ട് ആളുകള്‍ ഓടികൂടി ഇരുവരെയും പുറത്തെടുത്തു ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

വര്‍ഷങ്ങളായി പ്രവര്‍ത്തനം നിര്‍ത്തിവെച്ച കരിങ്കല്‍ ക്വാറിയാണിത്. ഒളവട്ടൂര്‍ യത്തീംഖാന സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് ഒളവട്ടൂര്‍ ആലങ്ങാട് ഹസ്സന്‍ ജുമഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്ന് രാവിലെ വീട്ടിലെത്തി. ആയിഷ റിന്‍ഷയുടെ പിതാവ് കോയയും, നാജിയയുടെ സഹോദരന്‍ മഷ്ഹൂദും ഇന്ന് പുലര്‍ച്ചെയോടെ വിദേശത്ത് നിന്ന് വീട്ടിലെത്തിയിരുന്നു.

ഒളവട്ടൂര്‍ സ്‌കൂളിലെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥിനിയാണ് അയിഷ റിന്‍ഷ. മാതാവ്: ലൈല.
സഹോദരങ്ങള്‍:റിഫ,അല. യതീംഖാനസ്‌കൂള്‍ ഏഴാംക്ലാസിലാണ് നാജിയഷെറിന്‍ പഠിക്കുന്നത്. മാതാവ്: ഖദീജ. സഹോദരന്മാര്‍: മഷ്ഹൂദ്, ഫര്‍സാന, സഫ,ഹസീന.

SHARE