സുഭാഷ് വാസുവിനെ ബിഡിജെഎസില്‍ നിന്ന് പുറത്താക്കുന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: സുഭാഷ് വാസുവിനെ ബിഡിജെഎസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനവും സാമ്പത്തിക ക്രമക്കേടും നടത്തിയതിനാണ് സുഭാഷ് വാസുവിനെ പുറത്താക്കിയതെന്ന് തുഷാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ പുറത്താക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

വ്യാജ രേഖ ചമച്ചാണ് സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയത്. കായംകുളം കട്ടച്ചിറ കോളേജിന്റെ പേരില്‍ നടത്തിയത് വലിയ ക്രമക്കേടാണ്. വ്യാജ ഒപ്പിട്ട് ബാങ്കില്‍ നല്‍കുകയായിരുന്നു. തനിക്ക് പോലും ഒരു ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കി. പാര്‍ട്ടി പ്രസിഡന്റ് താനാണ് എന്ന സുഭാഷ് വാസുവിന്റെ അവകാശ വാദം തെറ്റാണ്. ആദ്യ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നാണ് ഒപ്പിട്ടത്. ഏറ്റവും വലിയ തെറ്റാണ് സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ കൊണ്ടു വന്നത്. ബിജെപി കേന്ദ്രങ്ങളുടെ ഒരു പിന്തുണയും സുഭാഷ് വാസുവിന് ഇല്ല. അടുത്ത എന്‍ഡിഎ യോഗത്തില്‍ വച്ച് സുഭാഷ് വാസുവിനെ നേതൃത്വം തള്ളിപ്പറയും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടി വന്ന ശേഷം അത് നടക്കും. സുഭാഷ് വാസുവിനെ ഒരാള്‍ക്ക് പോലും അറിയില്ല. പുതിയ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനെ വൈകാതെ തീരുമാനിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.

അപകട മരണങ്ങളില്‍ വെള്ളാപ്പള്ളി നടേശന്റെ പേര് സുഭാഷ് വാസു ഒരു അടിസ്ഥാനവും ഇല്ലാതെ വലിച്ച് ഇഴക്കുകയാണ്. സെന്‍കുമാറും സുഭാഷ് വാസുവും വാര്‍ത്താസമ്മേളനം നടത്തിയത് ഗുണ്ടകളെ കൂട്ടിയാണ്. എസ്എന്‍ ട്രസ്റ്റ് കോളേജുകളില്‍ നിയമനത്തിന് പണം വാങ്ങുന്നു എന്നുള്ളത് പഴയ ആരോപണമാണ്. അതിന് ഒരടിസ്ഥാനവുമില്ല. സെന്‍കുമാര്‍ ഡിജിപി ആയി ഇരുന്ന കാലത്ത് അന്വേഷിക്കാമായിരുന്നു എന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

SHARE