ചാവേറാക്രമണത്തില്‍ പതിനൊന്ന് മദ്രസാ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തില്‍ 11 കുട്ടികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളെല്ലാം മദ്രസാ വിദ്യാര്‍ത്ഥികളാണ്. 16 പേര്‍ക്ക് പരിക്കുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ അഫ്ഗാനിലെ ദമന്‍ ജില്ലയിലാണ് അക്രമം നടന്നത്. പരിക്കേറ്റവരില്‍ അഞ്ച് റൊമാനിയന്‍ സൈനികരും ഉള്‍പ്പെടും.

പെട്രോളിംഗ് നടത്തുന്ന റൊമാനിയന്‍ സൈനികര്‍ക്ക് നേരെ ഭീകരര്‍ വാഹനമോടിച്ച് കയറ്റുകയായിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടതെന്ന് കാണ്ഡഹാര്‍ മീഡിയ ഓഫീസ് ഡെപ്യൂട്ടി വക്താവ് മത്തിയുല്ല പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.