സുല്‍ത്താന്‍ ഖാബൂസ്: നയതന്ത്ര ചാരുതയുടെ അപരനാമം

എം. ഉബൈദ് റഹ്മാന്‍

നീണ്ട 50 വര്‍ഷത്തോളം ഒമാന്‍ സുല്‍ത്താനേറ്റിന്റെ സാരഥ്യം വഹിച്ച സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്(18.11.1940 – 10.01.2020) ഇനി ദീപ്തമായ ഓര്‍മ്മ. മധ്യപൗരസ്ത്യ ദേശത്ത് ഏറ്റവും ദൈര്‍ഘ്യമേറിയ കാലം ഭരണം കയ്യാളിയ ഭരണാധികാരി എന്ന ഖ്യാതി സ്വന്തമാക്കിയാണ് തന്റെ 79ാം വയസില്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് വിട പറയുന്നത്. ഒന്നുമല്ലാതിരുന്ന ഒമാന്‍ എന്ന കൊച്ചു രാഷ്ട്രത്തിന് ലോക ഭൂപടത്തില്‍ തന്നെ ഗണനീയ സ്ഥാനം നേടിക്കൊടുത്ത തങ്ങളുടെ പ്രിയപ്പെട്ട ‘ബാബ’ , ഒമാനി മനസുകളിലും മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് പ്രവാസി മാനസങ്ങളിലും ചിരപ്രതിഷ്ഠനായിരിക്കുമെന്ന് തീര്‍ച്ച. അറബ് ലോകത്ത് വിപ്ലവാത്മകമായ സാമൂഹ്യ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും, സ്വദേശി ശാക്തീകരണ നടപടികള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്ന സുല്‍ത്താന്‍ ഖാബൂസ് ഇതര അറബ് രാഷ്ട്രങ്ങള്‍ക്കെല്ലാം മാതൃകയും വഴി കാട്ടിയുമായിരുന്നു. മധ്യപൗരസ്ത്യ മേഖലയിലെ സമാധാനം കാത്ത് സൂക്ഷിക്കുന്നതിലും അറബ് ഐക്യം എന്ന ആശയത്തെ സാര്‍ത്ഥകമാക്കുന്നതിലും നേതൃ പരമായ പങ്കായിരുന്നു സുല്‍ത്താന്‍ ഖാബൂസ് വഹിച്ചിരുന്നത് . പശ്ചിമേഷ്യയിലെ പുതിയ സംഭവ വികാസങ്ങളുടെ പാശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ആ മേഖലയില്‍ ഏറ്റവും അനിവാര്യമായ ഘട്ടത്തിലാണ് സുല്‍ത്താന്‍ ഖാബൂസിന്റെ വിയോഗം സംഭവിച്ചതെന്നത് സമാധാന കാംക്ഷികളായ ഏവരെയും തീരാ ദു:ഖത്തിലാഴ്ത്തുന്നു.

മധ്യകാല യൂറോപ്പിലെ കാടന്‍ നിയമങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള നിയമങ്ങള്‍ ഒമാനില്‍ നിലവിലുണ്ടായിരുന്ന കാലത്താണ് സുല്‍ത്താന്‍ ഖാബൂസ് തന്റെ ഇരുപത്തി ഒന്‍പതാമത്തെ വയസില്‍ ഭരണ സാരഥ്യമേറ്റെടുക്കുന്നത്. തന്റെ പിതാവായ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെ ഭരണത്തില്‍ റേഡിയോയും വിദ്യുഛക്തിയും വരെ നിരോധിക്കപ്പെട്ടവയുടെ പട്ടികയില്‍ പെട്ടവയായിരുന്നു എന്നത് ഇന്ന് കൗതുകകരമായി തോന്നാം. അടിമക്കച്ചവടത്തിന് വിലക്കില്ലാതിരുന്ന ആ കാലത്ത്, പക്ഷെ, സംഗീതത്തിനും വിദേശ സഞ്ചാരത്തിനും കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തപ്പെട്ടിരുന്നു. ഏകദേശം പോളണ്ടിനോളം വിസ്തൃതിയുണ്ടായിരുന്ന ഒമാനില്‍ ടാര്‍ ചെയ്ത റോഡിന്റെ ദൈര്‍ഘ്യം ആറു കിലോമീറ്റര്‍ മാത്രമായിരുന്നു എന്ന് പഴമക്കാര്‍ ഓര്‍ത്തെടുക്കുന്നുണ്ടാവണം. ബ്രിട്ടനില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ, പുരോഗമന ആശയങ്ങളും വീക്ഷണങ്ങളും വച്ച് പുലര്‍ത്തിയ ഖാബൂസ് 1970 ജൂലൈ 23 ന് അധികാരമേറ്റെടുക്കുമ്പോള്‍ നടത്തിയ പ്രഖ്യാപനം ശ്രദ്ധേയമാണ്: ‘ഒമാനിനും ഒമാന്‍ ജനതക്കും നാളെ ഒരു പുതിയ പ്രഭാതം പിറക്കും’. ചിന്തയിലും നടപ്പിലും യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ വച്ച് പുലര്‍ത്തിയ ഒരു ജനതയെ സംസ്‌കരിക്കുകയും ആധുനികവല്‍ക്കരിക്കുകയും പുരോഗതിയിലേക്ക് കൈപിടിച്ചു ഉയര്‍ത്തുകയും ചെയ്യുന്നതോടൊപ്പം വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന ഒരു രാജ്യം നിര്‍മ്മിച്ചെടുക്കുകയും ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്വം നൂറു ശതമാനം നിറവേറ്റിയ ശേഷമാണ് കര്‍മോല്‍സുകനും ക്രാന്തദര്‍ശിയുമായ സുല്‍ത്താന്‍ ഖാബൂസ് വിട വാങ്ങുന്നത്.

പൗരസ്വാതന്ത്ര്യം, രാജഭരണ വ്യവസ്ഥ നിലനില്‍ക്കുന്ന ഏതൊരു രാഷ്ട്രത്തിലുമെന്ന പോലെ, പരിമിതമെങ്കിലും സ്വദേശികളും വിദേശികളുമടക്കം ഒമാനില്‍ അധിവസിക്കുന്ന ഓരോരുത്തരും സന്തുഷ്ടരായാണ് കാണപ്പെടുന്നത്. ഈ സംതൃപ്തിക്ക് നിദാനമായതാവട്ടെ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകള്‍ കൊണ്ട് ഒമാന്റെ പ്രഗല്‍ഭനായ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നേതൃത്വത്തില്‍ വിവിധ തുറകളില്‍ ആ രാജ്യം കൈവരിച്ച അഭൂതപൂര്‍വമായ നേട്ടവും സര്‍വോപരി, ഒമാനില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാനവും നിറഞ്ഞ സാമൂഹ്യ അന്തരീക്ഷവും . കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളില്‍ ആരോഗ്യ, വിദ്യാഭ്യാസ, ഐ.ടി., ഭൗതിക സാഹചര്യ മേഖലകളില്‍ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നേതൃത്വത്തില്‍ ഒമാന്‍ കൈവരിച്ചത് അറബിക്കഥകളിലെ കാല്പനിക രാജ്യങ്ങളെ പോലും വെല്ലുന്ന നേട്ടമായിരുന്നു. 1970 ല്‍ താന്‍ രാജ്യഭരണമേറ്റെടുക്കുമ്പോള്‍ കേവലം മൂന്ന് സ്‌കൂളുകള്‍ മാത്രമായിരുന്നു രാജ്യത്ത് നിലവിലുണ്ടായിരുന്നതെങ്കില്‍ 2020 ല്‍ അത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം 1764 എണ്ണത്തില്‍ എത്തി നില്‍ക്കുന്നു.

ആരോഗ്യ മേഖലയിലാവട്ടെ, 59 ആശുപത്രികളും 897 മെഡിക്കല്‍ സെന്ററുകളുമായി രാജ്യം ബഹുദൂരം മുന്നിലാണ്. ഉന്നത വിദ്യാഭ്യാസ രംഗത്തായാലും സ്ഥിതി വ്യത്യസ്തമല്ല. 2010ല്‍ യു.എന്‍. ഡവലപ്‌മെന്റ് പ്രോഗ്രാം കഴിഞ്ഞ 40 വര്‍ഷത്തിനുള്ളില്‍ ഏറ്റവും പുരോഗതി പ്രാപിച്ച ലോക രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹമായത് ഒമാനായിരുന്നു എന്നത് ഈ അവസരത്തില്‍ സ്മരണീയമാണ്. ഷര്‍ഖിയ മേഖലകളടക്കമുള്ള ഒമാന്റെ വിദൂര ഗ്രാമപ്രദേശങ്ങളിലേക്കൊരു യാത്ര നടത്തിയാല്‍ മതി അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒമാന്‍ കൈവരിച്ച വിസ്മയകരമായ നേട്ടങ്ങള്‍ക്ക് സാക്ഷിയാവാന്‍. പഴയ തലമുറയില്‍ പ്പെട്ട ഒമാനി പൗരന്‍മാരില്‍ നിന്നും 80, 90 കളില്‍ ഒമാനിലേക്ക് കുടിയേറിയ പ്രവാസി മലയാളികളില്‍ നിന്നും രാജ്യത്തിന്റെ ഗതകാല അവസ്ഥകളെക്കുറിച്ചുള്ള നേരിട്ടുള്ള വിവരണം കേള്‍ക്കാനിടയായിട്ടുണ്ട്്. തലസ്ഥാന നഗരമായ മസ്‌കറ്റിന് പുറമേ, ഭൂപ്രകൃതിയില്‍ കേരളത്തോട് വളരെയധികം സാദൃശ്യം പുലര്‍ത്തുന്ന സലാല അടക്കമുള്ള പട്ടണങ്ങള്‍ ലോകോത്തര നിലവാരത്തിലുള്ളവയാണിന്ന്്.

ഇന്ത്യയും ഒമാനും തമിലുള്ള സൗഹൃദത്തിന് നൂറ്റാണ്ടുകളുടെ പഴക്കമാണുള്ളത്. ഇതര അറബ് രാഷ്ട്രത്തലവന്‍മാര്‍ക്കില്ലാത്ത ഒരു വൈകാരിക ബന്ധവും അടുപ്പവും സുല്‍ത്താന്‍ ഖാബൂസ് ഇന്ത്യയുമായി പുലര്‍ത്തിയിരുന്നു. പൂനെയിലെ ഒരു സ്ഥാപനത്തില്‍ പില്‍ക്കാലത്ത് ഇന്ത്യന്‍ രാഷ്ട്രപതിയായ ശങ്കര്‍ ദയാല്‍ ശര്‍മയുടെ വിദ്യാര്‍ത്ഥിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ്. പ്രസിഡണ്ടായതിന് ശേഷം ശര്‍മക്ക് ഒമാനില്‍ നല്‍കിയ ഗംഭീര വരവേല്‍പിന്റെ ദീപ്ത സ്മൃതികള്‍ പഴയതലമുറയിലെ പ്രവാസികള്‍ അയവിറക്കുന്നത് ഒമാനിലെ പ്രവാസ ജീവിതത്തിനിടയില്‍ പലപ്പോഴും ഈ കുറിപ്പുകാരന്‍ കേള്‍ക്കാനിടയായിട്ടുണ്ട്. തൊഴില്‍, വ്യാപാര, വാണിജ്യ സംരംഭങ്ങളിലേര്‍പ്പെട്ടിരിക്കുന്ന 7 , 80, 000 ഇന്ത്യന്‍ പ്രവാസികളാണ് ഇന്ന് ഒമാനിലുള്ളത്. എം. എ യൂസഫലി, പി.എന്‍ . സി മേനോന്‍, ഗള്‍ഫാര്‍ മുഹമ്മദലി, ഡോ.ആസാദ് മൂപ്പന്‍ തുടങ്ങി കേരളക്കാരായ ധാരാളം പേര്‍ ഒമാനിലെ വിവിധ വന്‍കിട വ്യവസായ സംരഭങ്ങളുടെ ഉടമകളാണ്.ഇന്ത്യയും ഒമാനും സംയുക്തമായി വാണിജ്യ, വ്യവസായ, സൈനിക, ടൂറിസം മേഖലകളില്‍ ഒട്ടേറെ സംരഭങ്ങള്‍ക്ക് ഇതിനകം തുടക്കം കുറിച്ച് കഴിഞ്ഞു.

ഒമാനിലെ ഇന്ത്യന്‍ പ്രവാസികളുടെ ക്ഷേമത്തില്‍ സുല്‍ത്താന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു എന്ന വസ്തുത അറിയാത്ത ഇന്ത്യന്‍ പ്രവാസികളായിട്ടാരു മുണ്ടാവില്ല. ചില നിര്‍ണായക ഘട്ടങ്ങളില്‍ സുല്‍ത്താന്‍ ഖാബൂസ് ഇന്ത്യക്ക് വേണ്ടി നടത്തിയ ഇടപെടലുകളില്‍ നിന്ന് രാജ്യത്തിനകത്ത് തന്നെ ഒരു പ്രത്യേക വിഭാഗത്തെ അപരന്‍മാരാക്കുന്ന നമ്മുടെ കേന്ദ്ര സര്‍ക്കാറിന് ധാരാളം പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. വത്തിക്കാന്‍ പുരോഹിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ 2016 ല്‍ യമനില്‍ ബന്ധിയാക്കപ്പെട്ടപ്പോള്‍ മോചനത്തിന് വേണ്ടി സുല്‍ത്താന്‍ നേരിട്ടായിരുന്നു ഇടപെട്ടതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സുലൈമാനി വധത്തെ തുടര്‍ന്ന് പശ്ചിമേഷ്യന്‍ മേഖലയില്‍ ഉരുണ്ടു കൂടിയ സംഘര്‍ഷം ലഘൂകരിക്കാന്‍ പ്രാപ്തനായ ഒരേ ഒരു നേതാവായിരുന്നു സുല്‍ത്താന്‍ ബിന്‍ ഖാബൂസ്. നയതന്ത്രജ്ഞതയിലും, ഇടപെടല്‍ ശേഷിയിലും അദ്ദേഹത്തോളം പോന്ന ഒരു അറബ് നേതാവിന്റെ അഭാവം ഗള്‍ഫ് മേഖലയിലെ സമാധാന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാന്‍ സാധ്യതകളേറെയാണ്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍, ഇറാനുമായി ഊഷ്മള ബന്ധം പുലര്‍ത്തിയിരുന്ന ഏക രാജ്യവും ഒമാന്‍ തന്നെയായിരുന്നു എന്ന് എടുത്ത് പറയേണ്ടതുണ്ട്. അറബ് , ഏഷ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ ഖാബൂസ് പുലര്‍ത്തിയ അതേ ഊഷ്മളത അമേരിക്കയുമായും, ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായും അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നത് സുല്‍ത്താന്‍ ഖാബൂസിലെ നിസ്തുല നയതന്ത്ര വൈഭവം വിളിച്ചോതുന്നതായിരുന്നു.

ഇറാനും അമേരിക്കയും തമ്മിലും, സൗദി അറേബ്യയും ഇറാനും തമ്മിലും, പിന്നീട് സൗദിയും യമനും തമ്മിലുമെല്ലാം സംഘര്‍ഷമുടലെടുത്തപ്പോള്‍ അത് പരിഹരിക്കാന്‍ മുന്‍കൈഎടുത്തതും ഗള്‍ഫ് മേഖലയില്‍ സമാധാനം നില നിന്നു പോന്നതും സുല്‍ത്താന്‍ ഖാബൂസിന്റെ നയതന്ത്ര ചാരുതയോടെയുള്ള ഇടപെടല്‍ മൂലമായിരുന്നു. സ്‌നേഹമസൃണമായ പെരുമാറ്റം, മികവുറ്റ നയതന്ത്ര ചാരുത, ജനക്ഷേമത്തിനും രാഷ്ട്ര പുരോഗതിക്കും വേണ്ടിയുള്ള നിതാന്ത പരിശ്രമം , സംഘര്‍ഷം ലഘൂകരിക്കുന്നതിനായുളള ആത്മാര്‍ത്ഥ ഇടപെടല്‍ എന്നീ വൈശിഷ്ട്യങ്ങള്‍ കൊണ്ട് ഒമാന്‍ ജനതയുടെയും ആഗോള സമൂഹത്തിന്റെയും മനസ് കവര്‍ന്ന സുല്‍ത്താന്‍ ഖാബൂസ് സൗരഭ്യം വിതറുന്ന ഒരു സുന്ദര സ്മൃതിയായി മാറുമ്പോള്‍ നമുക്ക് പ്രത്യാശിക്കാം അദ്ദേഹം തെളിച്ച അതേ പാതയില്‍ തന്നെ പുതിയ ഒമാന്‍ സുല്‍ത്താനായി ചുമതലയേറ്റ ഹൈതം ബിന്‍ താരിഖ് അല്‍ സഈദും ചരിക്കുമെന്നും സംഘര്‍ഷഭരിതമായ മധ്യപൗരസ്ത്യ മേഖലയില്‍ പ്രത്യാശയുടെ ഒരു പുതിയ പ്രകാശ ഗോപുരമായി തീരുമെന്നും.

SHARE