സൂര്യാഘാതം: സംസ്ഥാനത്ത് ജാഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സൂര്യാഘാത മുന്നറിയിപ്പ് നാളെ കൂടി തുടരും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ പകല്‍ സമയങ്ങളിലെ താപനില ശരാശരി രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി.
തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്നും ഉയരാനാണ് സാധ്യത. രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ ആളുകള്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. മദ്യം, കാപ്പി, ചായ എന്നിവ ഉച്ച സമയങ്ങളില്‍ കുടിക്കുന്നത് ഒഴിവാക്കുക നിര്‍ജ്ജലീകരണം തടയാന്‍ കുപ്പിയില്‍ എപ്പോഴും വെള്ളം കരുതുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും ദുരന്ത നിവാരണ അതോറിട്ടി മുന്നോട്ട് വെച്ചിട്ടുണ്ട്.അതേസമയം, മധ്യവേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസ് നടത്തരുതെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കേ കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഇന്ന് അധ്യയനവര്‍ഷം തുടങ്ങുന്നത് രക്ഷാകര്‍ത്താക്കളില്‍ ആശങ്കക്ക് വകതെളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അത്യുഷ്ണവും അതിവരള്‍ച്ചയും ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ക്ലാസുകള്‍ നടത്തുന്നത് വിലക്കിയത്.
സര്‍ക്കാര്‍ സി.ബി.എസ്.ഇ. ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കടക്കം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു. കുട്ടികള്‍ക്കുള്‍പ്പടെ നിരവധി പേര്‍ക്ക് ദിവസവും സൂര്യാഘാതം കൊണ്ട് പൊള്ളലേല്‍ക്കുന്നുണ്ട്. കേന്ദ്രീയ വിദ്യാലയങ്ങളില്‍ 10 ദിവസം ക്ലാസുണ്ടാകും. ഈ ദിവസങ്ങളില്‍ ഷൂവും സ്‌കോക്‌സുമുള്‍പ്പെടുന്ന യൂണിഫോം നിര്‍ബന്ധവുമാണ്. സംസ്ഥാനത്തെ ചില കേന്ദ്രീയ വിദ്യാലയങ്ങളില്‍ ക്ലാസ് സമയം മാറ്റി ക്രമീകരിച്ചതും സ്ഥിതി വഷളാക്കും. രാവിലെ 8.20 മുതല്‍ 2.40 വരെയാണ് സാധാരണ സമയം. അത് 9 മുതല്‍ 3 വരെയാക്കിയത് അത്യുഷ്ണസമയത്ത് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കഴിയേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ അതി ദയനീയമായിരിക്കും .

SHARE