ട്രോളുകളിലൂടെയുള്ള വ്യക്തിഹത്യ അനുവദിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ട്രോള്‍ വഴിയുള്ള വ്യക്തിഹത്യ തടയണമെന്ന് സുപ്രീംകോടതി. ഓണ്‍ലൈനില്‍ വ്യക്തിഹത്യ അനുവദിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളുടെ ദുരുപയോഗം തടയാനാണ് സുപ്രീംകോടതി ഇടപെടല്‍.

ഓണ്‍ലൈനിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ വ്യക്തിക്ക് എങ്ങനെ പരിഹാരം നേടാന്‍ കഴിയും ? സര്‍ക്കാരിന് സംവിധാനങ്ങളുണ്ട്; വ്യക്തികളുടെ കാര്യത്തിലോ? കോടതി ചോദിച്ചു. ഇത് തടയാനുള്ള വഴികള്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കി. ഇതിനായി മൂന്നാഴ്ചയ്ക്കകം മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി.

പല സന്ദേശങ്ങളുടെയും ഉറവിടം കണ്ടു പിടിക്കാന്‍ ചില സമൂഹ മാധ്യമങ്ങള്‍ക്ക് കഴിയാത്തതില്‍ ജസ്റ്റിസ് ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് കടുത്ത ആശങ്ക രേഖപ്പെടുത്തി. ഹൈക്കോടതിയോ സുപ്രീംകോടതിയോ അല്ല മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കേണ്ടത്. സുതാര്യത പോലുള്ള സങ്കീര്‍ണ വിഷയങ്ങളില്‍ സര്‍ക്കാരാണ് നിയമനിര്‍മാണം നടത്തേണ്ടത്. നയം രൂപീകരിക്കാന്‍ കോടതിക്ക് കഴിയില്ല. സര്‍ക്കാരാണ് നയമുണ്ടാക്കേണ്ടത് കോടതി വ്യക്തമാക്കി.

SHARE