ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; സ്ത്രീകൂട്ടായ്മകളുടെ പ്രതിഷേധം; സുപ്രീംകോടതി പരിസരത്ത് നിരോധനാജ്ഞ

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണ പരാതി തള്ളിയ സാഹചര്യത്തില്‍ പ്രതിഷേധവുമായി വനിതാകൂട്ടായ്മകള്‍ രംഗത്ത്. സുപ്രീംകോടതി പരിസരത്ത് വനിതാ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും അടങ്ങിയ വാട്‌സ്അപ്പ് ഗ്രൂപ്പാണ് പ്രതിഷേധവുമായെത്തിയത്. കോടതിക്കുമുന്നില്‍ പ്രതിഷേധിച്ച ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. സംഭവത്തില്‍ 25-ഓളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

അതേസമയം, പ്രതിഷേധം ഇനിയും വ്യാപിക്കുമെന്ന ആശങ്കയില്‍ കോടതിയുടെ സുരക്ഷ ശക്തമാക്കി. കൂടാതെ സുപ്രീംകോടതി പരിസരത്ത് 144(നിരോധനാജ്ഞ) പ്രഖ്യാപിക്കുകയും ചെയ്തു.

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളിയിരുന്നു. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. മുന്‍ കോടതി ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. നേരത്തേ യുവതി അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് കാട്ടി അന്വേഷണവുമായി സഹകരിക്കുന്നതില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം.