സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്; ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്റെ അറസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉടന്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സഞ്ജീവ് ഭട്ടിന്റെ ശ്രമത്തെ ഗുജറാത്ത് സര്‍ക്കാര്‍ തടസപ്പെടുത്തുന്നുവെന്ന് ഭാര്യ കോടതിയെ അറിയിച്ചു. ആരോപണം ശരിയാണെങ്കില്‍ ഗൗരവമുള്ള വിഷയമാണെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

സാധാരണയായി കുറ്റം ചുമത്തപ്പെട്ട വ്യക്തിയാണ് കോടതിയെ സമീപിക്കുന്നത്. എന്നാല്‍ ഈ കേസില്‍ അദ്ദേഹത്തിന്റെ ഭാര്യയാണ് വന്നിരിക്കുന്നത്. ഒരു പൗരന്‍ ഗൗരവമായ ഒരു ആരോപണം മുന്നോട്ടുവെക്കുകയാണെങ്കില്‍ ഭരണകൂടം ഉറപ്പായും മറുപടി പറയണം-കോടതി പറഞ്ഞു. വെള്ളിയാഴ്ചക്കകം അറസ്റ്റില്‍ വിശദീകരണം നല്‍കണമെന്ന് കോടതി ഗുജറാത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കേസില്‍ അടുത്ത ഹിയറിങ് ഒക്ടോബര്‍ നാലിനാണ്.

നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനായ സഞ്ജീവ് ഭട്ടിനെ ഈ മാസം ആദ്യമാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 22 വര്‍ഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ്. ഇന്ധനവില വര്‍ധനവിനെ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

SHARE