റഫാല്‍ പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: റഫാല്‍ കേസിലെ പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

കാവല്‍ക്കാരന്‍ കള്ളനാണെന്ന പരാമര്‍ശത്തിലെ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയും തള്ളി. ഭാവിയില്‍ രാഹുല്‍ കൂടുതല്‍ സൂക്ഷ്മതയോടെ പെരുമാറണമെന്നും കോടതി പറഞ്ഞു.

ഫ്രാന്‍സിലെ ദസൊ ഏവിയേഷനില്‍നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ 59,000 കോടി രൂപക്ക് വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഡിസംബര്‍ 14നാണ് സുപ്രീംകോടതി തള്ളിയത്. ഇതിനെതിരെയാണ് പുനപ്പരിശോധനാ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

അഭിഭാഷകരായ എം.എല്‍ ശര്‍മ, വിനീത് ദണ്ഡ, രാജ്യസഭാംഗവും എ.എ.പി നേതാവുമായ സഞ്ജയ് സിങ്, മുന്‍ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൗരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ എന്നിവരാണ് പുനപ്പരിശോധനാ ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചത്.

SHARE