സ്വപ്‌നയുടെ കോള്‍ലിസ്റ്റില്‍ 20 ഉന്നതര്‍

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേരെ സ്വപ്ന സുരേഷ് നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായി എന്‍ഐഎയ്ക്ക് തെളിവ് ലഭിച്ചു. വിദേശത്തേയ്ക്കുള്ള വിളികളും കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സ്വപ്നയുടെ മൂന്നു മൊബൈല്‍ ഫോണുകള്‍ എന്‍ഐഎ നിരീക്ഷണത്തിലാക്കിയിരുന്നു. ഇതില്‍ രണ്ടു നമ്പറുകളുടെ ഒരുമാസത്തെ ഫോണ്‍വിളികളുടെ വിവരങ്ങളും ശേഖരിച്ചു. ഇതോടെയാണ് ഉന്നത ഉദ്യോഗസ്ഥരുമായുള്ള അടുത്ത ബന്ധം സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

സ്വപ്‌നയുടെ ഫോണില്‍ നിന്നും മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നമ്പരിലേക്കും തിരിച്ചും വിളികളുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പരിലേക്കും സ്വപ്ന വിളിച്ചിട്ടുണ്ട്. ഉന്നതര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഇരുപതോളം പേര്‍ പട്ടികയിലുണ്ടെന്നാണ് വിവരം. വിദേശത്തേയ്ക്കുള്ള വിളികളും പട്ടികയിലുണ്ട്. ഇതില്‍ തുടര്‍ച്ചയായുള്ള വിളികള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

അതേസമയം, സ്വര്‍ണക്കടത്തുകേസില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറെ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. കസ്റ്റംസിന്റെയും എന്‍ഐഎയുടേയും ഓരോ സംഘങ്ങള്‍ നിലവില്‍ തലസ്ഥാനത്തുണ്ട്. ഇന്ന് കസ്റ്റംസ് അദ്ദേഹത്തിന്റെ മൊഴിയെടുത്തേക്കും എന്നാണ് വിവരം. സെക്രട്ടറിയേറ്റിലെ ശിവശങ്കറിന്റെ ഓഫീസില്‍ എന്‍ഐഎ പരിശോധന നടത്താനും സാധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.

SHARE