ഒളിവില്‍ പോകുന്നതിനു തൊട്ടുമുമ്പ് സ്വപ്‌ന സുരേഷ് സെക്രട്ടേറിയറ്റിന് സമീപം ഉണ്ടായിരുന്നു

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഒളിവില്‍പ്പോകുന്നതിന് തൊട്ടുമുമ്പ് സെക്രട്ടറിയറ്റിന് സമീപം ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചു. ജൂലൈ അഞ്ചിനു സ്വപ്‌ന സുരേഷ് സെക്രട്ടറിയേറ്റിന് സമീപം എത്തിയിരുന്നതായി മൊബൈല്‍ ടവര്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നു. ഇതേദിവസമാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. ഇതിനുശേഷമാണ് സ്വപ്‌ന ഒളിവില്‍ പോയത്.

ജൂലൈ അഞ്ചിന് 9.40 മുതല്‍ സ്വപ്‌നയുടെ ഫോണ്‍ സെക്രട്ടേറിയറ്റിന് സമീപം പുന്നന്റോഡിലായിരുന്നു. ആ സമയം സ്വപ്‌ന നേരിട്ടോ അല്ലെങ്കില്‍ അവരുടെ ഫോണുമായി മറ്റൊരാളോ സെക്രട്ടേറിയറ്റിന് സമീപത്തെത്തിയതായാണ് വിവരം. സെക്രട്ടേറിയറ്റിന് സമീപത്തായാണ് ഐടി വകുപ്പ് മുന്‍ സെക്രട്ടറി എം ശിവശങ്കര്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തിട്ടുള്ളത്. ഇതിനുസമീപത്തുള്ള ഹില്‍ട്ടണ്‍ ഹോട്ടലില്‍നിന്ന് കഴിഞ്ഞ ദിവസവും സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈ ഹോട്ടലിന് എതിര്‍വശത്തുള്ള ഹെതര്‍ ടവറിലാണ് ശിവശങ്കര്‍ ഫ്‌ലാറ്റു വാടകയ്ക്ക് എടുത്തിട്ടുള്ളത്.

ഇന്നലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനെ കസ്റ്റംസ് പൂജപ്പുരയിലെ വീട്ടിലെത്തിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ 2.15ഓടെയാണ് ചോദ്യം ചെയ്യല്‍ അവസാനിച്ചത്. ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചനയുണ്ട്. സ്വപ്‌ന സഹപ്രവര്‍ത്തകയും സരിത്ത് സുഹൃത്തുമാണെന്ന് ശിവശങ്കര്‍ കസ്റ്റംസിനോട് സമ്മതിച്ചെന്ന് വിവരുണ്ട്. നാലുവര്‍ഷായി സ്വപ്‌നയെ അറിയാമെന്നും, അവരുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും ശിവശങ്കര്‍ പറഞ്ഞു. അതേസമയം ശിവശങ്കറിനെ ഇനിയും ചോദ്യം ചെയ്യുമോയെന്നു വ്യക്തമല്ല.

SHARE