ലൗ ജിഹാദ്; സിറോ മലബാര്‍ ഇടയലേഖനത്തിനെതിരെ സഭയില്‍ തന്നെ ഭിന്നത

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് സജീവമാണെന്ന് ആവര്‍ത്തിച്ച സിറോ മലബാര്‍ സഭയുടെ ഇടയലേഖനത്തിനെതിരെ സിറോ മലബാര്‍ സഭയിലെ തന്നെ ഒരു വിഭാഗം വൈദികര്‍ രംഗത്തെത്ത്. കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും ഇതിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സീറോ മലബാര്‍ സഭ മെത്രാന്‍ സിനഡിനു ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പള്ളികളില്‍ വായിക്കാന്‍ നല്‍കിയ സര്‍ക്കുലറിനെതിരായി സഭയിലെ തന്നെ ഒരു വിഭാഗം വൈദികര്‍ രംഗത്തെത്തിയത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ചില പള്ളികളില്‍ ഇടയലേഖനം വായിച്ചില്ല. വായിച്ച ഏതാനും പള്ളികളില്‍ ലൗ ജിഹാദ് എന്ന വാക്ക് ഒഴിവാക്കുകയും ചെയ്തതായാണ് വിവരം. സഭയുടെ പള്ളികളില്‍ വായിക്കാന്‍ നല്‍കിയ ഇടയലേഖനത്തിലാണ് ലൗ ജിഹാദ് ആരോപണം ആവര്‍ത്തിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭ സിനഡ് യോഗത്തിലെ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ഇടയലേഖനത്തിലാണ് ലൗ ജിഹാദ് പരാമര്‍ശം.

ഈ മാസം 10 മുതല്‍ 15 വരെയായിരുന്നു സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷയതിയില്‍ സീറോ മലബാപര്‍ സഭയിലെ മുഴവന്‍ മെത്രാന്‍മാരും പങ്കെടുത്ത് സിനഡ് നടന്നത്. കേരളത്തിലെ മതസൗഹാര്‍ദ്ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ലൗ ജിഹാദ് കേരളത്തില്‍ വളര്‍ന്നു വരുന്നത് ആശങ്കാജനകമാണെന്നാണ് സിനഡ് വിലയിരുത്തല്‍. ഇസ്‌ലാമിക് സ്‌റ്റേറ്റ് പോലുള്ള ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനത്തില്‍ പ്രധാനമായും പറയുന്നത്. എന്നാല്‍ സിനഡ് സര്‍ക്കുലറിനെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഖപത്രം ‘സത്യദീപം’ നേരത്തെ രംഗത്തെത്തിയിരുന്നു.

സഭാനിലപാട് മതസൗഹാര്‍ദം തകര്‍ക്കുമെന്നും ലൗ ജിഹാദ് സര്‍ക്കുലര്‍ അനവസരത്തില്‍ ഉള്ളതാണെന്നും ഫാ. കുര്യാക്കോസ് മുണ്ടാടന്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പിഒസി ഡയറക്ടര്‍ ജന്മഭൂമിയിലെഴുതിയ ലേഖനത്തെയും സത്യദീപം വിമര്‍ശിക്കുന്നു. സഭയ്ക്കുള്ളിലെ ഭിന്നത ഇതോടെ പരസ്യമായിരിക്കുകയാണ്.

അതേസമയം, നേരത്തെ വിവാദമായ ലൗ ജിഹാദ് വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി 2010ല്‍ നടത്തിയ അന്വേഷണത്തില്‍ തന്നെ സംസ്ഥാനത്ത് ലൗ ജിഹാദില്ലെന്ന് തെളിഞ്ഞതാണ്. കൂടാതെ 2014 ല്‍ ഉത്തര്‍പ്രദേശ് കോടതിയും 2017ല്‍ സുപ്രീംകോടതിയും ഇക്കാര്യത്തില്‍ ഇടപെടുകയും എന്‍ഐഎ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. എന്നിട്ടും മതപരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പ്രണയങ്ങളും വിവാഹങ്ങളുമുള്ളതായി തെളിയിക്കാന്‍ സാധിച്ചിട്ടില്ല. പ്രണയത്തിന്റെ പേരില്‍ മുസ്‌ലിം, ഹിന്ദു മതങ്ങളില്‍നിന്ന് ക്രിസ്ത്യന്‍ മതത്തിലേക്ക് മതപരിവര്‍ത്തനം നടന്നതിനെ എങ്ങനെ കാണുന്നുവെന്ന് സഭ വ്യക്തമാക്കണമെന്നും ലേഖനം ആവശ്യപ്പെടുന്നു.