മഹാമാരിക്ക് പിന്നാലെ കേരളത്തെ കാത്തിരിക്കുന്നത് പ്രളയമെന്ന് കാലാവസ്ഥ പ്രവചനം

ഈ വര്‍ഷവും കേരളത്തില്‍ പതിവില്‍ കവിഞ്ഞ കാലവര്‍ഷ സാധ്യതയെന്ന് പ്രവചനം. കാലാവസ്ഥ സംബന്ധിച്ച പ്രവചനങ്ങളുടെ കൃത്യതയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ള തമിഴ്‌നാട് വെതര്‍മാനാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തേതിന് സമാനമായ മഴ കേരത്തിലുണ്ടാകുമെന്ന് പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണില്‍ ജൂണിനും സെപ്തംബറിനും ഇടയില്‍ സാധാരണ നിലയില്‍ 2049 മില്ലിമിറ്റര്‍ മഴയാണ് ലഭിക്കാറ്. ഈ നൂറ്റാണ്ടില്‍ കേരളത്തില്‍ മണ്‍സൂണ്‍ മഴ കുറവായിരുന്നു. 2007ല്‍ 2786 മില്ലിമീറ്റര്‍ മഴ ലഭിച്ചിരുന്നു. അതിന് ശേഷം തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിന് കാര്യമായിരുന്നില്ല. എന്നാല്‍ 2018ല്‍ 2517 മില്ലിമീറ്റര്‍ മഴയാണ് കാലവര്‍ഷത്തില്‍ ലഭിച്ചത്.

2007ല്‍ ലഭിച്ച മഴയേക്കാള്‍ കുറവായിരുന്നെങ്കിലും 2018ലും 2019ലും കാലവര്‍ഷം വലിയ വെള്ളപ്പൊക്കമാണ് സൃഷ്ടിച്ചത്. ഇതിന് മുന്‍പ് ഇത്തരത്തില്‍ കാലവര്‍ഷവും വെള്ളപ്പൊക്കവുമുണ്ടായ 1922, 1923, 1924 വര്‍ഷങ്ങളില്‍ 2300 മില്ലിമീറ്ററിലധികം മഴയാണ് ലഭിച്ചതെന്ന് തമിഴ്‌നാട് വെതര്‍മെന്‍ വിശദമാക്കുന്നു. എന്നാല്‍ കാലവര്‍ഷം സാധാരണമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജൂണ്‍ ഒന്നിന് കാലവര്‍ഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം കഴിഞ്ഞ ദിവസം വിശദമാക്കിയത്.എന്നാല്‍ തമിഴ്‌നാട് വെതര്‍മാന്റെ പ്രവചനങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് കാലവര്‍ഷത്തേക്കുറിച്ച് അമേരിക്കയിലെ വെതര്‍ കമ്പനിയും നടത്തിയിട്ടുള്ള പ്രവചനം. സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ഇന്ത്യയില്‍ ലഭിക്കുമെന്നാണ് വെതര്‍ കമ്പനിയും വിശദമാക്കുന്നത്.

SHARE