പാകിസ്താനിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം അധ്യാപകനെ സസ്‌പെന്റ് ചെയ്തു

തൃശൂര്‍: ക്ലാസെടുക്കുന്നതിനിടെ പാകിസ്താനിലേക്ക് പോകാന്‍ തയാറായികൊള്ളാന്‍ വിദ്യാര്‍ത്ഥിനികളോട് ആഹ്വാനം ചെയ്ത അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെന്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഹിന്ദി അധ്യാപകന്‍ കെ. കെ കലേശനെയാണ് സസ്‌പെന്റ് ചെയ്തത്. അധ്യാപകനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പുള്ളതായി വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
കഴിഞ്ഞ ദിവസമാണ് സംഭവം. ഹിന്ദി അധ്യാപകനായ കലേശന്‍ കഴിഞ്ഞ ദിവസം ക്ലാസിലെത്തുകയും പാഠ്യ വിഷയമല്ലാത്ത ബയോളജിയില്‍ ക്ലാസെടുക്കുന്നതിനിടെയാണ് വര്‍ഗീയ പരാമര്‍ശം നടത്തിയത്. പൗരത്വ ഭേദഗതി വിഷയത്തിന്റെ അടിസ്ഥാനത്തില്‍ പാകിസ്താനിലേക്ക് പോകാന്‍ തയാറായികൊള്ളാനായിരുന്നു ക്ലാസിനിടെ വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ ആഹ്വാനം ചെയ്തത്. സംഭവം വിവാദമായതിനു പിന്നാലെ രക്ഷിതാക്കളും വിവിധ സംഘടനകളും രംഗത്തെത്തി.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എന്‍. ഗീത നേരിട്ട് സ്‌കൂളില്‍ എത്തുകയും അധ്യാപകനില്‍ നിന്നും വിശദീകരണം തേടുകയുമായിരുന്നു.
സ്‌കൂളിലെ പ്രഥമ അധ്യാപകനില്‍ നിന്നും അധ്യാപകരില്‍ നിന്നും വിശദീകരണം തേടി. വിദ്യാര്‍ത്ഥിനികള്‍ക്കിടയിലും അന്വേഷണം നടത്തിയിരുന്നു. ഹിന്ദി ഭാഷ പഠിപ്പിക്കുന്നതിനിടെ അശ്ലീല ചുവയോടും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലും വിദ്യാര്‍ത്ഥിനികളോട് സംസാരിച്ച കെ കെ കലേശനെ സസ്പെന്റ് ചെയ്തതായി തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. ആരോപണത്തില്‍ കഴമ്പുള്ളതായി പി. ഗീത വ്യക്തമാക്കി. അധ്യാപകനെതിരെ തുടരന്വേഷണം നടത്തുമെന്നും ഉപഡയറക്ടര്‍ പറഞ്ഞു. ഹിന്ദിഭാഷ പഠിപ്പിക്കുന്നതിനിടയില്‍ പാഠ്യവിഷയമല്ലാത്ത ബയോളജിയും സാമൂഹ്യശാസ്ത്രവും ക്ലാസ്സെടുക്കുകയും അശ്ലീലചുവയോടും മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തിലും വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചതും പൗരത്വ നിയയഭേദഗതിയുടെ പേരില്‍ കുട്ടികള്‍ പാക്കിസ്ഥാനിലേക്ക് പോകാന്‍ തയ്യാറാകണമെന്ന് പറഞ്ഞതും ഗൗരവതരമായ അച്ചടക്കലംഘനമാണെന്ന് ഉപഡയറക്ടര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഡയറക്ടറുടെ സാന്നിധ്യത്തില്‍ ഇന്നലെ കൊടുങ്ങല്ലൂര്‍ നഗരസഭാ അധ്യക്ഷന്‍ കെ. ആര്‍ ജൈത്രന്‍ പ്രത്യേക പിടിഎ വിളിച്ചു ചേര്‍ത്തു. യോഗത്തില്‍ പങ്കെടുത്തവര്‍ അധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യം ഉന്നയിച്ചു. അധ്യാപനെതിരെ നടപടി സ്വീകരിക്കാന്‍ നഗരസഭ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. കലേശന്‍ മുന്‍പു ജോലി ചെയ്തിരുന്ന സ്‌കൂളുകളിലും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നതായി ആരോപണമുണ്ട്.

SHARE