തെഹ്‌റാന്‍ ഭീകരാക്രമണം: ട്രംപിന്റെ പ്രതികരണം അരോചകമെന്ന് ഇറാന്‍

തെഹ്‌റാന്‍ ഭീകരാക്രമണം: ട്രംപിന്റെ പ്രതികരണം അരോചകമെന്ന് ഇറാന്‍

 

തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ 16 പേര്‍ കൊല്ലപ്പെട്ട ഭീകാരാക്രമണങ്ങളെക്കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവന ഏറെ അരോചകമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് ശരീഫ്. അമേരിക്കന്‍ ഇടപാടുകാരുടെ പിന്തുണയുള്ള ഭീകരതയുമായാണ് ഇറാനികള്‍ പോരാടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭീകരതയുടെ സ്‌പോണ്‍സര്‍മാരായ രാഷ്ട്രങ്ങള്‍ അവര്‍ പ്രോത്സാഹനം നല്‍കുന്ന തിന്മയുടെ തന്നെ ഇരകളാവുകയാണെന്ന് തെഹ്‌റാനിലെ ആക്രമണത്തോട് പ്രതികരിച്ചുകൊണ്ട് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. അന്താരാഷ്ട്രതലത്തില്‍ ഭീകരപ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന രാജ്യമെന്ന് ആരോപിച്ച് ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ കൊണ്ടുവരാന്‍ ട്രംപ് ഭരണകൂടം ശ്രമം തുടരുകയാണ്.
ഇതുസംബന്ധിച്ച ബില്‍ യു.എസ് സെനറ്റിന്റെ പരിഗണനയിലിക്കെയാണ് വൈറ്റ്ഹൗസില്‍നിന്ന് ഇറാനെ പ്രകോപിപ്പിക്കുന്ന പുതിയ പ്രസ്താവനയുണ്ടായത്.
ഏതുതരം ഭീകരതയെയാണ് ഇറാന്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കിയിട്ടില്ല. പാര്‍ലമെന്റ് മന്ദിരത്തിലും ഖുമൈനി സ്മൃതികുടീരത്തിലും ആക്രമണം നടത്തിയ മൂന്നു പേരും ഇറാന്‍ പൗരന്മാരായ ഐ.എസ് ഭീകരരാണെന്ന് ഇറാന്‍ ഔദ്യോഗികമായി സ്ഥിരകിരിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്നുള്ള ഇവര്‍ ഐ.എസ് റിക്രൂട്ടുകളാണെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി റസ സൈഫുല്ലാഹി പറഞ്ഞു.
ഇറാനില്‍ ഐ.എസ് നടത്തുന്ന ആദ്യ ആക്രമണമാണിത്. കുറച്ചു മാസങ്ങളായി രാജ്യത്ത് ഐ.എസ് ഭീഷണി വര്‍ധിച്ചുവന്നിരുന്നു.
ഇറാഖിലും സിറിയയിലും ഐ.എസിനെതിരായ പോരാട്ടത്തില്‍ ഇറാന് സജീവ പങ്കുണ്ട്.

NO COMMENTS

LEAVE A REPLY