തെലങ്കാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ടി.ആര്‍.എസിനും കോണ്‍ഗ്രസിനും നേട്ടം അടിതെറ്റി ബിജെപി

ഹൈദരാബാദ്: തെലങ്കാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ഭരണകക്ഷിയായ ടിആര്‍എസ്(തെലങ്കാന രാഷ്ട്ര സമിതി). വോട്ടെണ്ണല്‍ അവസാനിക്കാനിരിക്കെ ഫലം വന്ന ബഹുഭൂരിപക്ഷം സീറ്റുകളും ടി.ആര്‍.എസ് തൂത്തുവാരി.

തെരഞ്ഞെടുപ്പ് നടന്ന 120 മുനിസിപ്പാലിറ്റികളില്‍ 110 മുനിസിപ്പാലിറ്റികളിലും ടി.ആര്‍.എസ് അധികാരം നേടിയിട്ടുണ്ട്. 4 മുനിസിപ്പിലാറ്റികള്‍ കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ ഇതുവരെ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്.

തെരഞ്ഞെടുപ്പ് നടന്ന 10 കോര്‍പ്പറേഷനുകളില്‍ ഒന്‍പതെണ്ണത്തിലും ടി.ആര്‍.എസ് മുന്നേറുകയാണ്. ഒരെണ്ണത്തില്‍ കോണ്‍ഗ്രസിനാണ് ലീഡ്. അതേസമയം ബിജെപിക്ക് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്.

ജനുവരി 22ന് 2,979 വാര്‍ഡുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍.നിലവില്‍ 872 വാര്‍ഡുകളില്‍ ടി.ആര്‍എസ് ജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് 244 വാര്‍ഡുകളാണ് ലഭിച്ചത്. ബിജെപിക്ക് 116 ഉം എ.ഐ.എം.ഐ.എമ്മിന് 20 ഉം വാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

അതേസമയം, ഒവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിന് വേരോട്ടമുള്ള ഭൈന്‍സ മുനിസിപ്പാലിറ്റിയില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. 26 സീറ്റില്‍ 15 ഉം എ.ഐ.എം.ഐ.എം നേടിയപ്പോള്‍ 9 വാര്‍ഡുകള്‍ നേടിയത് ബിജെപിയാണ്. ബാക്കി 2 വാര്‍ഡുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. എന്നാല്‍ സംസ്ഥാനമാകെ തരംഗം സൃഷ്ടിച്ച ടിആര്‍എസിന് ഇവിടെ ഒരു സീറ്റുപോലും നേടാനായില്ല.

ബുധനാഴ്ച നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 70.26 ശതമാനമായിരുന്നു വോട്ടിങ്. 80 വാര്‍ഡുകളിലേക്കുള്ള കൗണ്‍സിലര്‍മാരെയും മൂന്ന് ഡിവിഷനുകളിലേക്കുള്ള കോര്‍പ്പറേറ്റര്‍മാരെയും നേരത്തെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് 2,971 വാര്‍ഡുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ 12,900 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.