കൊറോണ വെല്ലുവിളിക്കുന്നത് ആരോഗ്യത്തെ മാത്രമല്ല

ടി.എച്ച് ദാരിമി

കൊറോണ വൈറസിനെ അതിന്റെ പുതിയ പ്രഭവകേന്ദ്രമായ ചൈനയില്‍ പിടിച്ചുകൊട്ടാനോ തടഞ്ഞുനിറുത്താനോ കഴിഞ്ഞിട്ടില്ല. ചൈനയിലെഉവാനില്‍നിന്നും ഇറങ്ങിയ ഈ സൂക്ഷ്മാണു ഇതിനകം കവര്‍ന്ന ജീവനുകളുടെ എണ്ണം ആയിരംകടന്നിരിക്കുകയാണ് എന്നാണ് പൊതുവാര്‍ത്ത. ശരിയായ കണക്കുകള്‍ ഇതിലുമധികംവരും എന്നത് സ്വാഭാവികമായും ഊഹിക്കാവുന്നതേയുള്ളൂ. രോഗ ബാധിതരുടെ എണ്ണം നാല്‍പതിനായിരമാണ്. ഇതില്‍ ഇരുപതിനായിരം പേരുടെ കാര്യത്തില്‍ പ്രതീക്ഷയുടെ ഒരു ശതമാനം പോലും അവശേഷിക്കുന്നില്ല. ഇവിടെനിന്ന് കരയും കടലും കടന്ന് പടര്‍ന്ന 25 രാജ്യങ്ങളില്‍ വ്യാപനത്തിനെതിരെയുള്ള പ്രതിരോധം സാധ്യമായതിനാലും ശക്തമായതിനാലും ഒരര്‍ഥത്തില്‍ നിയന്ത്രണവിധേയമാണ് എന്നു പറയാം. ഇതില്‍ കേരളമാണ് ഫലപ്രദമായ പ്രതിരോധത്തില്‍ മുമ്പില്‍ എന്നത്മലയാളികള്‍ക്ക് അഭിമാനം പകരുന്നുണ്ട്. പക്ഷെ, ഇവിടങ്ങളിലെല്ലാം വൈറസ് എത്തുന്നതുംഎത്തിയതും ഉവാനില്‍നിന്നു തന്നെയാണ് എന്നു പറയുമ്പോള്‍ ഈ വിഷയത്തിലുള്ള ചിന്തകള്‍ അവിടെതന്നെ കേന്ദ്രീകരിക്കുന്നു. പ്രതിരോധത്തിനുമുമ്പില്‍ വൈദ്യശാസ്ത്രം തോറ്റുപോകുന്നത് പ്രധാനമായും വൈറസിന്റെ പ്രഹരവേഗതയും ശേഷിയും കൊണ്ടുതന്നെയാണ്. വൈറസ് മനുഷ്യനില്‍ കടന്ന് നേരെ ശ്വസന നാളത്തില്‍ കയറിപ്പിടിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ രോഗി ശ്വാസംതടസപ്പെട്ട് മരിക്കുന്നു. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ രോഗിയെ ചികിത്സിക്കുന്നതിനേക്കാള്‍ ജാഗ്രത വേണ്ടത് രോഗിയെ മാറ്റിപ്പാര്‍പ്പിക്കാനാണ്. ശാരീരിക സ്രവങ്ങളിലൂടെ അതിവേഗം രോഗം പടരുന്നു. രോഗി തൊട്ടയിടത്ത് തൊട്ടാല്‍ പോലും രോഗം പടരാവുന്ന ഭീതിജനകമായ അവസ്ഥ.

കൊറോണ വൈറസിനെ 1937ല്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഫലപ്രദമായ മരുന്നോ വാക്‌സിനോ കണ്ടെത്താന്‍ ഇത്രകാലമായും കഴിയാതെവരുന്നതിനുപിന്നിലുള്ള കാരണവും രോഗത്തിന്റെ ഈ ഭീകരതയാണ്. നിലവില്‍ രോഗിയെ മാറ്റിപ്പാര്‍പ്പിക്കുക എന്നതല്ലാതെ മറ്റൊന്നും ചെയ്യാനില്ല എന്നു ചുരുക്കം. സ്രോതസ്സിനെ പെട്ടെന്ന് കണ്ടെത്തി അത് അടയ്ക്കുകയും രോഗബാധിതരെകണിശമായി ഐസൊലേറ്റ് ചെയ്യുകയും മാത്രമാണ് ഏക വഴി. ചൈനയില്‍ സ്ഥിതി നിയന്ത്രണ വിധേയമല്ലാതെ വരുന്നതും ഇതുകൊണ്ടാണ്. കാരണമായേക്കാവുന്ന ജന്തു ഭക്ഷ്യങ്ങള്‍ വേര്‍തിരിക്കാന്‍ കഴിയാത്തവിധം എന്തുംതിന്നുന്നത് അന്നാട്ടുകാര്‍ക്കു ശീലമായിപ്പോയി. അതോടൊപ്പം നിയന്ത്രണങ്ങള്‍ക്കോ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കോ കഴിയാത്തവിധത്തിലുള്ള ജനസാന്ദ്രതയും. എല്ലാംകൊണ്ടും വല്ലാത്ത അവസ്ഥയിലാണ് അവിടെ കാര്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. മനുഷ്യനടക്കം സസ്തനികളുടെ ആരോഗ്യത്തെ ഇവ്വിധം നോവല്‍ കൊറോണ വൈറസ് വെല്ലുവിളിക്കുമ്പോള്‍ അവിടെനിന്നും വരുന്ന ചില അനുബന്ധ വിവരങ്ങള്‍ വല്ലാത്തൊരുഉള്‍ക്കിടിലമുണ്ടാക്കുന്നുണ്ട് മനുഷ്യമനസ്സുകളില്‍. അവ പറയുന്നത് ഈ സൂക്ഷ്മ വിനാശകാരി ആരോഗ്യത്തെ മാത്രമല്ല, ധാര്‍മ്മികതയെക്കൂടി വെല്ലുവിളിക്കുന്നു എന്നതാണ്. മനുഷ്യന്‍ ഭൂമിയിലെ അധിവാസകാലം ആരംഭിച്ചതുതൊട്ട് വളര്‍ത്തിയെടുത്ത ധാര്‍മ്മികത എന്ന വികാരം ഇത്രയും ചെറിയ വൈറസിനുമുമ്പില്‍ ആശങ്കപ്പെട്ടു നില്‍ക്കുന്ന കാഴ്ച പലതും കുലത്തോടു വിളിച്ചു പറയുന്നുണ്ട്.

സോഷ്യല്‍ മീഡിയയാണ് ഇത്തരം വാര്‍ത്തകള്‍ പൊതുവെ പൊതുവായനയിലെത്തിക്കുന്നത്. അതില്‍ തെറ്റും പിശകുമുണ്ടാകാനുള്ള സാധ്യത സമ്മതിക്കുമ്പോള്‍തന്നെ അവ പലപ്പോഴും പൊതു മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സങ്കോചപ്പെടുന്നതോ അല്ലെങ്കില്‍ അവക്ക് എത്തിപ്പെടാന്‍ കഴിയാത്തവയോ ആയിരിക്കാം എന്ന വസ്തുത വിസ്മരിച്ചുകൂട. അതിനാല്‍ അവ ശരിയുടെശരിയാവാനുള്ള സാധ്യതയും കൂടുതലാണ്. ഇവിടെ ഇതു പറയുന്നത് അതുയര്‍ത്തുന്ന ധാര്‍മ്മികതയെ വിവരിക്കാന്‍ വേണ്ടി മാത്രമാണ്. കുറ്റപ്പെടുത്തലോ പരിഹസിക്കലോ ഒന്നും ഉദ്ദേശമല്ല. അത്തരമൊരു ദൃശ്യം രോഗബാധിതരില്‍ ചിലര്‍ രോഗബാധിതരല്ലാത്തവര്‍ക്കു നേരെ തുപ്പുന്ന കാഴ്ചയായിരുന്നു. ഹതാശയരായ രോഗിയുടെ മാനസികനിലയുടെ ബഹിര്‍സ്ഫുരണമാവാം അത്. സമൂഹത്തില്‍നിന്നും പരിപൂര്‍ണ്ണ നിരാശനായി എല്ലാവരാലും മാറ്റിനിര്‍ത്തപ്പെടുന്ന വ്യക്തി ‘എന്നാല്‍ നിങ്ങളങ്ങനെ ജീവിച്ച് സുഖിക്കേണ്ട’ എന്നു ചിന്തിച്ചതാവാം. മറ്റൊരു വെബ്‌സൈറ്റ് പുറത്തുവിട്ടത് അതിലുമധികം ഞെട്ടിക്കുന്ന അതോടൊപ്പം നൊമ്പരപ്പെടുത്തുന്ന വാര്‍ത്തയാണ്. കൊറോണ ബാധിതരെ കൂട്ടക്കൊല ചെയ്യുന്നതിനുള്ള അനുമതിക്കായി ഗവണ്‍മെന്റ് അവിടത്തെ പരമോന്നത നീതിപീഠത്തെ സമീപിച്ചു എന്നതാണത്. രോഗ ബാധിതരുടെ ആധിക്യം കാരണം ആരോഗ്യപ്രവര്‍ത്തകര്‍തന്നെ കുറയുന്നു എന്നതാണ് ഇതിനൊരു ന്യായം പറയുന്നത്. ഈ രണ്ടുവാര്‍ത്തകളെകുറിച്ചും ആശങ്കകള്‍ ഉണ്ടാകാമെങ്കിലും ഈയിടെ വന്ന ചൈനയെകുറിച്ചുള്ള മറ്റൊരു വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ വായിക്കുമ്പോള്‍ ആ ആശങ്കകളുടെ ഘനം കുറയും. അത്‌സ്വീഡനിലെ ദി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഓണ്‍ ദി ക്രൈം ഓഫ് കമ്യൂണിസം എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട പഠനത്തിലെ ഞെട്ടിക്കുന്ന വിവരമായിരുന്നു. ലോകത്ത് വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏതവയവവും മാറ്റിവെച്ച് ആരോഗ്യവാനായി തിരിച്ചുവരാന്‍ കഴിയുന്നത് ചൈനയിലാണ്. ഇത് ചൈന നേടിയ ശാസ്ത്രീയ പുരോഗതിയാണ് എന്ന് കുറേക്കാലം ലോകം വിശ്വസിച്ചു. പക്ഷേ, ഇങ്ങനെ വ്യാപകമായിഅവയവങ്ങള്‍ എവിടെ നിന്നു ലഭിക്കുന്നു എന്നത് മേല്‍ സംഘടനയുടെ പ്രവര്‍ത്തകരെ സംശയിപ്പിച്ചു. അതിനെതുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണമാണ് ചൈന തടവുകാരുടെ അവയവങ്ങള്‍ നിര്‍ദ്ദാക്ഷിണ്യം ഊരിയെടുത്താണ് ഈ ‘വളര്‍ച്ച’ കാണിക്കുന്നത് എന്ന്. ഞെട്ടിക്കുന്ന ആ വിവരം പുറത്തുവന്ന് ദിവസങ്ങള്‍ക്കുശേഷമാണ് കൊറോണയും ഈ വാര്‍ത്തകളൊക്കെയും വന്നത്. ഇതില്‍നിന്നു ഒന്ന് മനസ്സിലാക്കാം. ലോകം വളരെ മടിച്ചുമടിച്ചു മാത്രം കൈവെക്കുന്ന ദയാവധം നടത്താനാണ് ചൈന ശ്രമിക്കുന്നത് എന്നത്. എന്തു ന്യായങ്ങള്‍ അവകാശപ്പെടാനുണ്ടെങ്കിലും ഇത് ധാര്‍മ്മികതയുടെ നേരെയുള്ള നഗ്നമായ കയ്യേറ്റം തന്നെയാണ്.

ധാര്‍മ്മികത മനുഷ്യന്‍ കാലംകൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ മൂലക്കല്ല് സ്ഥാപിക്കപ്പെട്ടിരിക്കുന്നത് ഈ വികാരത്തിന്മേലാണ്. ഈ ധാര്‍മ്മികതയാണ് മറ്റുള്ളവരോടുള്ള കടമകള്‍ പാലിക്കാന്‍ പ്രേരിപ്പിക്കുന്നതും നീചത്വങ്ങള്‍ ചെയ്യാതിരിക്കാന്‍ ഉദ്‌ബോധിപ്പിക്കുന്നതും. ഈ ധാര്‍മ്മികത ചൈനയില്‍ മങ്ങുന്നതിന്റെ കാഴ്ചയായി ഈ ദൃശ്യങ്ങളെ കാണാതെ വയ്യ. അതിനു കാരണങ്ങളുണ്ട്. ഒന്ന്, ധാര്‍മ്മികത എന്നതൊക്കെ മനുഷ്യവികാരങ്ങളാണ്. 2050 ഓടെ ലോകത്തിന്റെ ഏറ്റവും മുമ്പിലെത്തുക എന്ന ത്വര ചൈനയെ വെറുംയാന്ത്രിക ലോകത്ത് തളച്ചിട്ടിരിക്കുകയാണ്. അതിനാല്‍ മനുഷ്യവികാരങ്ങളെ അവര്‍ അത്ര പരിഗണിക്കുന്നില്ല. അവയവങ്ങള്‍ ഊരിയെടുക്കുമ്പോള്‍ മുതല്‍ രോഗികളെ കൂട്ടക്കൊല ചെയ്യുന്നതുവരെ ചെയ്യാനൊരുങ്ങുമ്പോള്‍ അതുകൊണ്ടാണ് അവരുടെ കൈ വിറക്കാത്തത്. രണ്ട്, ധാര്‍മ്മികതയുടെ പ്രഭാവകേന്ദ്രം പ്രധാനമായും രണ്ടാണ്. ഒന്ന് സഹജാവബോധം. രണ്ട് മതങ്ങള്‍ നല്‍കുന്ന ദര്‍ശനം. ഒന്നാമതു പറഞ്ഞ കാരണത്താല്‍ഒന്നാമത്തേതിനെ അവര്‍ക്കിടയില്‍ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. സഹജാവബോധം എന്നത് ഒരു മനുഷ്യന്റെ ശാന്തതയില്‍ മനസ്സില്‍നിന്നും പ്രവഹിക്കുന്ന ചിന്തയാണ്. മാനുഷിക മൂല്യങ്ങളാണ് അതിന് അതിരിടുന്നത്. മനുഷ്യ റോബോട്ടുകള്‍ക്ക് മനസ്സല്ല പ്രോസസ്സറാണല്ലോ പ്രധാനം. ഒരു സ്വയം കല്‍പ്പിത സാമൂഹ്യസ്ഥിതി സമത്വ ചിന്ത തലക്കുപിടിച്ചതിനാല്‍ മതങ്ങള്‍ അവിടെ അകറ്റിനിര്‍ത്തപ്പെട്ടിരിക്കുകയുമാണ്. നിര്‍മ്മാണം, വ്യാപാരം, സമ്പാദനം എന്നീ അടുപ്പുകല്ലുകള്‍ക്കുള്ളില്‍ ഇഴയുന്ന ചൈനീസ് ജനതക്ക് ധാര്‍മ്മികത എന്ന വികാരം നഷ്ടപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല.
ധാര്‍മ്മികത കൈമോശംവരുന്നത് മനുഷ്യകുലത്തില്‍ വലിയ അരാചകത്വമുണ്ടാക്കും. അവര്‍ഹാജര്‍ പറയുന്ന, പറയേണ്ട ഓരോ സ്ഥലത്തുംഅത് കലാപങ്ങള്‍ക്കു വഴിവെക്കും. ഇപ്പോള്‍ തന്നെ ചൈനയിലെ ജനങ്ങള്‍ക്കിടയില്‍ ഈ വീര്‍പ്പുമുട്ടുണ്ട് എന്നാണ് സൂചനകള്‍. ഇത്രയും വലിയരാഷ്ട്രം തന്നെ ഏതാണ്ട് ഒറ്റപ്പെടുകയുമാണ്. ധാര്‍മ്മികത എന്ന വികാരത്തെ മനുഷ്യന്‍ സദാ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതിന് രണ്ടുവഴികളാണുള്ളത്. രണ്ടും പരസ്പര ബന്ധിതങ്ങളാണ്. നേരത്തെപറഞ്ഞ സഹജാവബോധവും മതബോധം പകരുന്ന ആദര്‍ശവും. സഹജാവബോധം മതം പകരുന്ന വികാരങ്ങളുടെ സ്പര്‍ശ മേല്‍ക്കുമ്പോഴാണ് വളരുന്നത്. അതുകൊണ്ടാണ് അവ രണ്ടും പരസ്പര പൂരകങ്ങളാണ് എന്നു പറയുന്നതും.

ധാര്‍മ്മികത തിരിച്ചുപിടിക്കാനും നിലനിറുത്താനും ഒന്നാമതായി ഇത്തരം മഹാമാരികളും പരീക്ഷണങ്ങളും എങ്ങനെ വരുന്നു എന്നതു ഗ്രഹിക്കണം. ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകും മുമ്പ് ഈ ചോദ്യം ചേദിക്കുമ്പോള്‍ പലര്‍ക്കും വാചാലമായി പറയാനും വാദിക്കാനുമൊക്കെ കുറേകാര്യങ്ങളുണ്ടാകും. പക്ഷെ, ദുരന്തം പറന്നിറങ്ങുമ്പോള്‍ താന്‍ പറയുന്നതൊന്നും ശരിയല്ല എന്നും യഥാര്‍ഥ കാര്യകാരണങ്ങള്‍ നമ്മുടെ കരങ്ങളിലല്ല എന്നും വേഗം തിരിച്ചറിയാനാകും. കമ്യൂണിസ്റ്റ് ചൈനയുടെ പ്രസിഡണ്ട്തന്നെ കഴിഞ്ഞ വെള്ളിയാഴ്ച പ്രത്യേകം പ്രാര്‍ഥിക്കാന്‍ ഇമാമുമാരോട് ആഹ്വാനം ചെയ്ത വാര്‍ത്ത അതിനു തെളിവാണ്. ഇസ്‌ലാമിനെ യഥേഷ്ടം വേട്ടയാടുന്ന ആ നാട് പ്രാര്‍ഥനയിലേക്കു തിരിയുന്ന കാഴ്ചയാണത്. രണ്ടാമതായി, ആ സ്രഷ്ടാവിന്റെ അഭീഷ്ടങ്ങളുടെ സംഹിതയായ മതത്തിനു വിധേയമായി മാത്രം ജീവിക്കുകയും വേണം. ‘നിങ്ങള്‍ക്കുവരുന്ന എല്ലാ വിപത്തുകളും അല്ലാഹുവില്‍ നിന്നുള്ളതാണ്’, ‘നിശ്ചയം അല്ലാഹുവിന്റെ സ്മരണയിലാണ് നിത്യശാന്തി കുടികൊള്ളുന്നത്’ എന്നീ ആയത്തുകളുടെ അര്‍ഥതലത്തിനുള്ളില്‍ ഈ പറഞ്ഞതെല്ലാം സ്പഷ്ടമായി കാണാവുന്ന വിധത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.