ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കില്ലെന്ന് തെലങ്കാനയും

ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടിക നടപ്പാക്കില്ലെന്ന് തെലങ്കാനയും പ്രഖ്യാപിച്ചു. ന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നും നിലപാട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും ആഭ്യന്തര മന്ത്രി മെഹമൂദ് അലി പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെ ആയിരുന്നു മന്ത്രിയുടെ പ്രസ്താവന. മറ്റ് രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് വേണ്ടി ഇന്ത്യയിലുള്ള മുസ്ലിങ്ങളെ ഭീതിയിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു.ാേ

‘മറ്റ് രാജ്യങ്ങളില്‍ ഹിന്ദുക്കള്‍ പീഡനം അനുഭവിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാം. എന്നാല്‍ ഈ രാജ്യത്തെ ജനങ്ങളെ എന്തിനാണ് ലക്ഷ്യം വെയ്ക്കുന്നത്? അവരെ ബുദ്ധിമുട്ടിലാക്കുന്നത്? രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ആവശ്യമില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എന്തെങ്കിലും തെളിയിക്കുന്നതിന് വേണ്ടി ജനന സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ സൂക്ഷിച്ചുവെക്കാറില്ല’. തെലങ്കാനയില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് നിങ്ങള്‍ക്ക് ഞാന്‍ വാഗ്ദാനം നല്‍കുന്നെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

അതേസമയം, പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്ലിനേയും എന്‍ആര്‍സിയേയും എതിര്‍ത്തെങ്കിലും ഇതാദ്യമായാണ് പൗരത്വ പട്ടികയെ സംബന്ധിച്ച് തെലങ്കാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മൗനത്തിലാണ്. നേരത്തെ തെലങ്കാനയില്‍ എന്‍ആര്‍സി നടപ്പാക്കരുതെന്ന് മജ്‌ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഒവൈസിയും ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടിരുന്നു. പൗരത്വ പട്ടികയില്‍ ചന്ദ്രശേഖര റാവു മികച്ച തീരുമാനമെടുക്കുമെന്നും കേരളത്തെ പോലെ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തെലങ്കാന സര്‍ക്കാര്‍ സ്‌റ്റേ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതെന്നും ഒവൈസി നേരത്തെ പറഞ്ഞിരുന്നു. കേരളം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

SHARE