കൈമലര്‍ത്തി തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറക്കാനാകില്ലെന്ന് പിണറായിക്ക് പളനിസ്വാമിയുടെ കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറക്കുന്നതില്‍ കേരളത്തിന്റെ ആവശ്യം തള്ളി തമിഴ്‌നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറക്കാനാകില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാളി പളനി സ്വാമി പറഞ്ഞു.

അനുവദിനീയമായ അളവിലാണ് ജലം തടഞ്ഞു നിര്‍ത്തിയതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്തിനുള്ള മറുപടിയില്‍ പളനിസ്വാമി പറഞ്ഞിരിക്കുന്നത്. കേരളം പലകാര്യങ്ങളിലും വിട്ടുവീഴ്ച്ചക്ക് തയ്യാറാവുന്നില്ലെന്നും പളനിസ്വാമി പറയുന്നു.

മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി തന്നെ നിലനിര്‍ത്തുമെന്നും കത്തില്‍ പളനിസ്വാമി അറിയിച്ചു. കേരളത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട് കത്തില്‍. വൃഷ്ടിപ്രദേശങ്ങളില്‍ എത്ര മഴ ലഭിക്കുന്നുണ്ടെന്ന കൃത്യമായ വിവരം കേരളം നല്‍കുന്നില്ലെന്നും കത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി പറയുന്നു. അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141.95 അടിയില്‍ തുടരുകയാണ്.

മുല്ലപ്പെരിയാറില്‍നിന്നും ഇനിയും കൂടുതല്‍ജലം ഒഴുക്കി ജലനിരപ്പ് 139 അടിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ഇമെയില്‍ സന്ദേശം അയച്ചതു. തമിഴ്‌നാട് എന്‍ജിനീയര്‍മാര്‍ കേരളത്തോട് സഹകരിക്കുന്നില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പരാതി പറഞ്ഞിരുന്നു.

അതേസമയം, കേരളം പേമാരിയിലും വെളളപ്പൊക്കത്തിലും ദുരന്തമുഖത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് ഈ കേസ് പരിഗണിക്കുമെന്നാണ് ലഭ്യമായ വിവരം. ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ ബെഞ്ചിലാണ് പരാതിക്കാരന്‍ ആവലാതി ബോധിപ്പിച്ചത്.