മോദിയുടെ ഡി.എന്‍.എയില്‍ മുസ്‌ലിം വിരുദ്ധതയുണ്ട്; തവ്‌ലീന്‍ സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവമര്‍ശനവുമായി തവ്‌ലീന്‍ സിങ്. മോദി സര്‍ക്കാരിന്റെ ഓരോ നീക്കവും ആശങ്കപ്പെടുത്തുന്നതാണെന്ന് അക്കമിട്ടു നിരത്തുന്ന ‘മിശിഹഃ മോദി?’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് തവ്‌ലീന്‍ സിങ്.
മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ സ്വീകരിക്കുന്ന മുസ്‌ലിം വിരുദ്ധ നീക്കങ്ങള്‍ അക്കമിട്ട് നിരത്തിയായിരുന്നു തവ്‌ലീന്‍ സിങിന്റെ പ്രതികരണം. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടപ്പാക്കുന്ന ഓരോ പദ്ധതികളും നിയമവും ഹിറ്റ്‌ലറുടെ നാസി ഭരണകൂടം ജൂതരോട് ചെയ്തതിന് സമാനമാണെന്നും അവര്‍ തുറന്നടിച്ചു.

പൗരത്വ ഭേദഗതി നിയമം ഇന്ത്യയിലെ ആദ്യ ന്യൂറംബര്‍ഗ് നിയമമാണ്. മോദിയുടെ മുസ്‌ലിംങ്ങളോടുള്ള നിലപാട് ഹിറ്റ്‌ലര്‍ക്ക് ജൂതരോട് ഉണ്ടായതിന് തുല്യമാണെന്നും തവ്‌ലീന്‍ സിങ് പറഞ്ഞു.ആര്‍എസ്എസിന് മുസ്ലിം വിരുദ്ധ ഡിഎന്‍എയുണ്ട് എന്ന് തനിക്ക് നേരത്തെ അറിയാം. മോദിക്കും മുസ്ലിം വിരുദ്ധ ഡിഎന്‍എയുണ്ട് എന്ന് ഞാന്‍ ഭയപ്പെടുന്നു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ ഇതിന്റെ സൂചനകള്‍ ലഭിച്ചിരുന്നുവെന്നും തവ്‌ലീന്‍ സിങ് പറഞ്ഞു.

മുസ്ലിം വിരുദ്ധ വാക്കുകള്‍ പതിവായി പറയുന്ന ആദിത്യനാഥിനെ ആണ് യുപിയുടെ മുഖ്യമന്ത്രിയാക്കിയത്. അത്തരം ചിന്തകളോട് അദ്ദേഹം പൊരുത്തപ്പെടുന്നുവെന്ന് തനിക്ക് ബോധ്യമായി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയേണ്ടത് ആവശ്യമായിരുന്നുവെങ്കില്‍ കശ്മീരികളോട് മോദി ചര്‍ച്ച ചെയ്യണമായിരുന്നുവെന്നും തവ്‌ലീന്‍ സിങ പറഞ്ഞു. നോട്ട് നിരോധനത്തില്‍ കാണിച്ച അറിവില്ലായ്മ, കശ്മീരിലും മോദി ആവര്‍ത്തിച്ചു. കശ്മീരികളുടെ ഇന്ത്യയോടുള്ള ആത്മാര്‍ഥതയെ ചോദ്യം ചെയ്തു. മാത്രമല്ല, കശ്മീരിന്റെ പദവി എടുത്തുകളഞ്ഞത് വലിയ രാജ്യസ്‌നേഹമായി കാണിച്ച് ഹരിയാണ, മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുകയും ചെയ്തു. തുടര്‍ച്ചയായ തെറ്റുകള്‍ ആവര്‍ത്തിക്കുകയായിരുന്നു മോദിയെന്നും തവ്‌ലീന്‍ സിങ് പറഞ്ഞു.

SHARE